assembly

'കല്പാന്ത കാലത്തോളം, കാതരേ നീയെൻ മുന്നിൽ, 'പ്രഹേളികയായ്' നിൽക്കും...' എന്ന് കിഫ്ബിയെ നോക്കി പാടേണ്ടുന്ന അവസ്ഥയാണ്. നിയമസഭയിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല തർക്കം. പതിനാലാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം അവസാനിക്കാൻ ഇനി രണ്ട് ദിവസമാണ് ബാക്കിയെങ്കിലും കിഫ്ബി ഒരു സമസ്യയായി തുടർന്ന് കൊണ്ടാവും ഈ സഭ പിരിഞ്ഞുപോവുകയെന്ന് ഇന്നലത്തെ ചർച്ച കൂടിയായതോടെ തീർച്ചയായി.

കിഫ്ബി ബഡ്ജറ്റിന് പുറത്ത് വിദേശത്ത് നിന്ന് വായ്പയെടുത്തത് ഭരണഘടനാവിരുദ്ധമാണെന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയം കൊണ്ടുവന്നത് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ്. കിഫ്ബിയെ തൊടുന്നത് ആരായാലും അവരെ കൊന്നുതിന്നണമെന്ന് പിടിവാശിയുള്ള മന്ത്രി തോമസ് ഐസകിന്, സി.എ.ജിയാണ് ക്രിമിനൽകുറ്റവാളി എന്ന കാര്യത്തിൽ സംശയമേതുമുണ്ടായില്ല. ചർച്ചയെങ്കിൽ ചർച്ച എന്ന മാനസികാവസ്ഥയിലായിരുന്നു അദ്ദേഹമെന്നതിനാൽ പ്രമേയം സഭ ചർച്ചയ്ക്കെടുത്തു. ഒന്നര മണിക്കൂർ ചർച്ച രണ്ട് മണിക്കൂറിലധികം പിന്നിട്ടിട്ടും ഐസകും ഭരണപക്ഷവും അവരുടേതെന്നും സതീശനും പ്രതിപക്ഷവും അവരുടേതെന്നും പറയുന്ന പ്രത്യേക ഭൂപ്രദേശമായി തന്നെ കിഫ്ബി നിലകൊണ്ടു. നഗ്നമായ ഭരണഘടനാലംഘനം നടത്തിയ മന്ത്രി ഐസക് മിനിമം രാജിയെങ്കിലും വയ്ക്കണമെന്ന് ആഗ്രഹിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, അതുണ്ടാകാത്തതിനാൽ വാക്കൗട്ട് പ്രഖ്യാപിച്ചതോടെയാണ് കഥാന്ത്യം!

ഭരണഘടനയുടെ സാധുത പരിശോധിക്കാൻ സി.എ.ജിക്ക് അധികാരമില്ലെന്ന് എൽ.ഡി.എഫിന്റെ നേതാക്കൾ പറയുന്നത് കേട്ടിട്ട് ആളുകൾ മൂക്കത്ത് വിരൽ വയ്ക്കുകയാണെന്ന് സതീശൻ പറയുന്നു. സി.എ.ജി റിപ്പോർട്ട് സഭയിൽ വയ്ക്കുമ്പോൾ വലിയ ചർച്ചയാകുമെന്ന് മനസ്സിലാക്കി പ്രതിരോധിക്കാൻ തുടക്കത്തിലേ ആക്രമിച്ച് കളിച്ച ഐസകിൽ സതീശൻ കാണുന്നത് കൗശലക്കാരനായ ധനമന്ത്രിയെ.

ഇതെല്ലാം ഭരണഘടനാവിരുദ്ധമാണെങ്കിൽ ഈ സർക്കാർ തന്നെ ഇപ്പോഴുണ്ടാകുമോ എന്ന ലളിതയുക്തിയായിരുന്നു ജെയിംസ് മാത്യുവിന് വയ്ക്കാനുണ്ടായിരുന്നത്. വി.ഡി. സതീശൻ ഒരാളാണോ ഭരണഘടനാപ്രശ്നങ്ങളുടെ അന്തിമവാക്ക് എന്ന ഗുരുതരമായ സംശയവും അദ്ദേഹമുയർത്തി. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഗുളിക കഴിക്കുമ്പോലെ വാർത്താസമ്മേളനം നടത്തിക്കൊണ്ടിരുന്ന പ്രതിപക്ഷനേതാവ് പുറത്തായപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലായിയെന്ന് കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെ പുതിയ സ്ഥാനലബ്ധിയെ ഓർമ്മിപ്പിച്ചെന്നോണം ജെയിംസ് മാത്യു പ്രതിപക്ഷത്തെ കുത്തിനോവിച്ചു.

ഭരണഘടനാലംഘനം നടത്തിയും തോന്നിയ മാതിരി പ്രവർത്തിച്ചുമൊക്കെ ഈ സർക്കാരിന് എത്രകാലം പിടിച്ചുനിൽക്കാനാകുമെന്നാണ് എം. ഉമ്മറിന് ചോദിക്കാനുണ്ടായിരുന്നത്. സി.എ.ജിയെ എം. സ്വരാജ് ശരിക്കും ഭീഷണിപ്പെടുത്തി. കണക്ക് പരിശോധിക്കാൻ വന്നാൽ അതും പരിശോധിച്ച് പോയ്ക്കോളണം എന്ന്. സി.എ.ജി ഭീഷണിക്ക് മുന്നിൽ കീഴടങ്ങുമോയെന്നറിയില്ല.

ഭരണഘടനാലംഘനം എന്നും പറഞ്ഞ് നടക്കുന്ന പാർട്ടി അപ്പുറത്തും വികസനപ്രവർത്തനങ്ങൾ നടത്തുന്നവർ ഇപ്പുറത്തും എന്ന സ്ഥിതിയായതിനാൽ ഇപ്പുറത്തെ ഇടതുപക്ഷം വീണ്ടും വരട്ടെയെന്ന് മന്ത്രി ഐസക് ഇച്ഛിച്ചത് സ്വാഭാവികം.

ഐസകിന്റെ ന്യായവാദങ്ങൾ കുറച്ചുനാളുകളായി ശ്രവിച്ചുകൊണ്ടിരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് ന്യായമായ സംശയമുണ്ടായി. ബഡ്ജറ്റിന്റെ പൊതുചർച്ചയിൽ അദ്ദേഹം അത് പ്രകടിപ്പിച്ചു: ഈ ഭരണഘടന ബി.ജെ.പി എഴുതിയതാണോ? ഈ സി.എ.ജി ബി.ജെ.പിയാണോ? ഭരണഘടനയ്ക്ക് മുകളിലൂടെ പറന്നുയരുന്ന പരുന്തായി ധനമന്ത്രി മാറരുതെന്ന് തിരുവഞ്ചൂർ അഭ്യർത്ഥിച്ചു.

ദീർഘവീക്ഷണത്തോടെ പുത്തൻ കേരളത്തെ കെട്ടിപ്പടുക്കാൻ മാർഗനിർദ്ദേശം നൽകുന്ന ഒന്നാന്തരമൊരു ബഡ്ജറ്റായി സി.കെ. ശശീന്ദ്രൻ ഐസകിന്റെ പുതിയ ബഡ്ജറ്റിനെ കണ്ടു. ഫിലമെന്റ് പോയ ബൾബ് പോലെയാണ് ഇപ്പോഴത്തെ യു.ഡി.എഫ് എന്ന് മനസ്സിലാക്കുന്ന ചിറ്റയം ഗോപകുമാറിന്, ഫിലമെന്റ് ബൾബുകളെയെല്ലാം മാറ്റി ഫിലമെന്റ് രഹിത എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തുവരുന്ന എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നുറപ്പായിരുന്നു.

ഡോക്ടർമാർ മരുന്ന് കുറിപ്പടിയെഴുതുമ്പോലെയൊരു കത്ത് സുകുമാർ അഴീക്കോട് പണ്ട് വൈക്കം മുഹമ്മദ് ബഷീറിന് അയച്ച കഥ പി.കെ. അബ്ദുറബ്ബ്, ഐസകിനെ ബഡ്ജറ്റിനെ ഉപമിക്കാൻ ഓർമ്മിച്ചെടുത്തു. ആ കത്തുമായി മരുന്ന് കടയിൽ ചെന്നപ്പോൾ മരുന്നും പച്ചക്കറിക്കടയിൽ ചെന്നപ്പോൾ പച്ചക്കറിയും കിട്ടിയത്രെ. പക്ഷേ കത്തിലുള്ളതെന്താണെന്ന് ആർക്കും അപ്പോഴും പിടികിട്ടിയില്ല. ഐസകിന്റെ ബഡ്ജറ്റ് തിരിച്ചും മറിച്ചും നോക്കിയിട്ടും ജനത്തിന് ഒന്നും പിടികിട്ടുന്നില്ലെന്നാണ് റബ്ബിന്റെ നിരീക്ഷണം.

മരുന്നും പച്ചക്കറിയും കിട്ടുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ജനം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ വിജയിപ്പിച്ചതെന്ന് എസ്. രാജേന്ദ്രൻ പറഞ്ഞപ്പോഴാണ് ഉപമ ഇത്രയും വേണ്ടിയിരുന്നില്ലെന്ന് അബ്ദുറബ്ബിന് പോലും തോന്നിയിട്ടുണ്ടാവുക! വാഗ്ദാനപ്പട്ടികയിൽ വിട്ടുപോയ ഭാഗം പൂരിപ്പിച്ച് ധനമന്ത്രിയുടെ മറുപടിപ്രസംഗത്തോടെ പരിസമാപ്തിയായി.