വർക്കല: കുടിവെള്ള പദ്ധതികൾ പലതുണ്ടെങ്കിലും ഇലകമൺ ഗ്രാമപഞ്ചായത്തിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിയുന്നില്ല.
നീരുറവ സംഭരണം ആസ്പദമാക്കിയാണ് കായൽപ്പുറത്ത് കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രയോജനപ്പെടുത്താൻ അധികൃതർക്ക് കഴിയുന്നതുമില്ല. കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുമ്പോഴും കായൽപ്പുറം വാട്ടർ സപ്ലൈ പദ്ധതിയിലെ ജലം പാഴാവുകയാണ്. 8വർഷം മുൻപ് കായൽപ്പുറം വാട്ടർ സ്കീമിന്റെ നവീകരണത്തിന്റെ ഭാഗമായി ജലസ്രോതസ് നവീകരിക്കുകയും 3 മോട്ടോറുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ 2 വർഷമായി 2 മോട്ടോറുകൾ കേടാവുകയും ചെയ്തു. നിലവിൽ ഒരെണ്ണം മാത്രമാണ് പേരിന് വേണ്ടി പ്രവർത്തിക്കുന്നത്.
മോട്ടോറുകൾ തകരാറിലായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ വാട്ടർ അതോറിട്ടിക്ക് കഴിയുന്നതുമില്ല. കായൽപ്പുറം ഉറവയിലെ ജലം വിള പ്പുറം വാട്ടർടാങ്കിൽ എത്തിക്കണമെങ്കിൽ പഴയ ജലവിതരണ കുഴലുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കേണ്ടതായിട്ടുണ്ട്. വേനൽ കടുക്കുന്നതോടെ കടുത്ത ജലക്ഷാമം ഗ്രാമപഞ്ചായത്ത് നേരിടേണ്ടിവരും. ജലവിതരണം കാര്യക്ഷമമാക്കാൻ വാട്ടർ അതോറിട്ടിയും ഗ്രാമപഞ്ചായത്തും മുൻകൈ എടുക്കേണ്ടതുണ്ട്.