നെയ്യാറ്റിൻകര: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തീർത്ഥാടനം ഫെബ്രുവരി 2 മുതൽ 14 വരെ നടക്കും.
ഇത്തവണ തീർത്ഥാടനത്തോടൊപ്പം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുശേഷിപ്പിന്റെ പ്രതിഷ്ഠയും വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിന്റെ പ്രഖ്യാപനവും ഉണ്ടാവും. ഫെബ്രുവരി 2 ന് രാവിലെ 7.30 ന് നടക്കുന്ന തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയൻ കോ ഓർഡിനേറ്റർ റൂഫസ് പയസലിൻ മുഖ്യ കാർമ്മികത്വം വഹിക്കും. വൈകിട്ട് 6.30 ന് കൊച്ചുപള്ളിയിൽ നിന്ന് വലിയ പള്ളിയിലേക്ക് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും.
വൈകിട്ട് 7.30ന് ഇടവക വികാരി ഫാ. ജോയ് മത്യാസ് കൊടിയേറ്റ് കർമ്മം നിർവഹിക്കും. തിരുനാൾ ദിനങ്ങളിൽ പ്രാർത്ഥനയ്ക്കും മറ്റു ചടങ്ങുകൾക്കും തിരുവനന്തപുരം നെയ്യാറ്റിൻകര രൂപതകളിലെ വൈദികർ നേതൃത്വം നൽകും.
10ന് വൈകിട്ട് വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിന്റെ ഉദ്ഘാടനവും യൗസേപ്പിതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയും നടക്കും.
12ന് വൈകിട്ട് 5ന് നടക്കുന്ന ദിവ്യബലിക്ക് ഡോ. ഗ്ലാാഡിന്‍ അലക്സ് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പള്ളിക്ക് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. 13ന് വൈകിട്ട് ദിവ്യബലിയെ തുടർന്ന് തിരുസ്വരൂപ പ്രദക്ഷിണം. തിരുനാൾ സമാപന ദിനമായ 14ന് രാവിലെ 9ന് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി ഉണ്ടാവും. തിരുനാൾ പൂർണമായും കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും നടക്കുകയെന്ന് ഇടവക വികാരി ഫാ. ജോയി മത്യാസ് അറിയിച്ചു.