തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം (2 ലക്ഷം രൂപ) കണ്ണൂർ തളിപ്പറമ്പ് ഉദയഗിരി സ്വദേശി പി.ബി. അനീഷിന്.
മികച്ച സംഘക്കൃഷി സമിതിക്കുള്ള മിത്രനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് (5 ലക്ഷം രൂപ) കുട്ടനാട് കാവാലം 24000 കായൽ പാടശേഖര സമിതിക്ക് ലഭിച്ചു. പാലക്കാട് മീനാക്ഷിപുരം സ്വദേശി ശിവഗണേഷിനാണ് മികച്ച തെങ്ങു കർഷകനുള്ള കേരകേസരി പുരസ്കാരം (രണ്ടു ലക്ഷം).
യുവ കർഷക അവാർഡ് കാസർകോട് ബേഡഡുക്ക സ്വദേശി എം.ശ്രീവിദ്യയ്ക്കും (1 ലക്ഷം) യുവ കർഷകനുള്ള അവാർഡ് (1 ലക്ഷം) മലപ്പുറം വറ്റല്ലൂർ കരിഞ്ചാപ്പാടിയിൽ പി. സൈഫുള്ളയ്ക്കും ലഭിച്ചു.
പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് (1 ലക്ഷം) തിരുവല്ല ഇരവിപേരൂർ സ്വദേശി ജേക്കബ് ജോസഫിനും പുഷ്പകൃഷിക്കുള്ള ഉദ്യാന ശ്രേഷ്ഠ അവാർഡ് (1 ലക്ഷം) കൊല്ലം ഉമയനല്ലൂർ സ്വദേശി എസ്. ഷീജയ്ക്കും ലഭിച്ചു.
കൃഷി മന്ത്രി വി.എസ്.സുനിൽകുമാറാണ് അവാർഡ് പ്രഖ്യാപിച്ചത്. വൈകല്യങ്ങളെ അതിജീവിച്ച് കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്ത വയനാട് വെള്ളമുണ്ടയിൽ കുംഭാമ്മ, മലപ്പുറം മേൽമുറി ഊരകം സ്വദേശി അരുൺ.കെ, തിരുവനന്തപുരം കുറ്റിച്ചൽ കൊമ്പിടിയിൽ ശ്രീധരൻ എന്നിവർക്ക് പ്രത്യേക ആദരവ് നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.