ചിറയിൻകീഴ്: ചിറയിൻകീഴിന്റെ സ്വപ്ന പദ്ധതിയായ ചിറയിൻകീഴ് ഓവർബ്രിഡ്ജിന്റെ നിർമാണോദ്ഘാടനം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
പതിറ്റാണ്ടുകളായി ഇതുവഴിയുള്ള യാത്രക്കാരുടെ സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി 2016ലാണ് ഓവർബ്രിഡ്ജിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന പ്രശ്നം. വലിയകട മുതൽ ബസ് സ്റ്റാൻഡ് വരെ എ കാറ്റഗറി എന്നും റെയിൽവേ ഗേറ്റിനപ്പുറം മുതൽ പണ്ടകശാല വരെ ബി കാറ്റഗറി എന്നും തിരിച്ചാണ് വസ്തുവിന്റെ സർവേ നടന്നത്. 88 ഭൂവുടമകളിൽ നിന്ന് ഏകദേശം 13 കോടി രൂപയോളം ചെലവഴിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടപടി നടത്തിയത്. എസ്.പി.എൽ ഇൻഫ്രാട്രച്ചർ കമ്പനിയാണ് ടെൻഡർ എടുത്തിരിക്കുന്നത്.
റോഡ്സ് ആൻഡ് ബ്രിഡ്‌ജസ്ഡെവലപ്മെന്റ് കോർപറേഷൻ ഒഫ് കേരളയ്ക്കായിരുന്നു നിർമാണ ചുമതല. ഒരു വർഷത്തിനുളളിൽ പണി പൂർത്തിയാക്കാനാണ് കരാർ. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ 10 ഓവർബ്രിഡ്ജുകളുടെ നിർമാണോദ്ഘാടനത്തിന്റെ ഭാഗമായാണ് ചിറയിൻകീഴ് ഓവർബ്രിഡ്ജും ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി ടി.എം. തോമസ് ഐസക് മുഖ്യാതിഥിയാകും. ഇതിനോടനുബന്ധിച്ച് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ശിലാഫലകം അനാച്ഛാദനം ചെയ്യും. അടൂർ പ്രകാശ് എം.പി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബിക, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. മോഹനൻ, പി. മണികണ്ഠൻ, ഗ്രാമപഞ്ചായത്തംഗം ജി. സുരേഷ് കുമാർ എന്നിവർ സംസാരിക്കും. ആർ.ബി.ഡി.സി.കെ എം.ഡി ജാഫർ മലിക് ഐ.എ.എസ് സ്വാഗതവും ജനറൽ മാനേജർ ലിസി കെ.എഫ് നന്ദിയും പറയും.