kovalam

കോവളം: തലയ്‌ക്കേറ്റ ക്ഷതത്തെ തുടർന്നാണ് മുട്ടയ്‌ക്കാട്ടെ 14കാരിയുടെ മരണമെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കോവളം പൊലീസ് കേസെടുത്തു. മുട്ടയ്‌ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തുമകൾ ഗീതുവിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 3.30ഓടെയാണ് വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ വിഴിഞ്ഞം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6.30ഓടെ മരിക്കുകയായിരുന്നു. കുട്ടിക്ക് പനിയെന്നാണ് വീട്ടുകാർ പറഞ്ഞത്. മെഡിക്കൽ കോളേജ് ആശുപത്രിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക പരിശോധനയിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. എസ്.എച്ച്.ഒ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ വീട്ടുകാരെയും ബന്ധുക്കളെയും പ്രദേശവാസികളെയും ചോദ്യം ചെയ്‌തു. കുട്ടി കിടന്ന ബെഡ്ഷീറ്റും രക്തക്കറ പുരണ്ട വസ്ത്രങ്ങളും സമീപത്തെ പുരയിടത്തിൽ നിന്നും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഫോറൻസിക് വിദഗ്ദ്ധർ, വിരലടയാള വിദഗ്ദ്ധർ എന്നിവരും കഴിഞ്ഞ ദിവസം വീട്ടിലെത്തി പരിശോധന നടത്തി. രക്ഷിതാക്കളെ പലവട്ടം ചോദ്യം ചെയ്‌തിട്ടും കുട്ടിയുടെ തലയിൽ ക്ഷതമേറ്റതിനുള്ള കാരണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലവും ലഭിച്ചാൽ മാത്രമേ അന്വേഷണത്തിൽ കൂടുതൽ വ്യക്തയുണ്ടാകൂവെന്നാണ് പൊലീസ് പറയുന്നത്‌.