കോവളം: തിരുവല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ വീണ്ടും തെളിവെടുപ്പിനെത്തിച്ചു. വണ്ടിത്തടം പാലപ്പൂര് റോഡിൽ യക്ഷിയമ്മ ക്ഷേത്രത്തിന് സമീപം ദാറുൽ സലാം ഹൗസിൽ ജാൻബീവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അലക്സിനെയാണ് തെളിവെടുപ്പിനെത്തിച്ചത്. ഇന്നലെ ഉച്ചയോടെ അലക്സിനെ വണ്ടിത്തടത്തെത്തിച്ചു. കൊലയ്ക്ക് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച ബുള്ളറ്റ് പൊലീസ് കണ്ടെത്തി. വൃദ്ധയുടെ മാല പണയപ്പെടുത്തിയതിൽ നിന്നും കുറച്ചുപണം കാട്ടാക്കടയിലെ വ്യക്തിക്ക് കൈമാറിയെന്ന വിവരത്തെ തുടർന്ന് പ്രതിയെ അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവല്ലം എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ വിപിൻ നളൻ, ഗ്രേഡ് എസ്.ഐ മനോഹരൻ, സി.പി.ഒ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.