isac

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയ ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടി നിയമസഭയോടുള്ള കടുത്ത അനാദരവും അവകാശ ലംഘനവുമാണെന്ന പ്രതിപക്ഷാംഗം വി.ഡി.സതീശന്റെ ആരോപണം നിലനിൽക്കുന്നതല്ലെന്ന് മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ എ.പ്രദീപ്കുമാർ അദ്ധ്യക്ഷനായ നിയമസഭാ എത്തിക്സ് കമ്മിറ്റി വിലയിരുത്തി.പ്രതിപക്ഷാംഗങ്ങളായ വി.എസ്. ശിവകുമാർ, മോൻസ് ജോസഫ് , അനൂപ് ജേക്കബ് എന്നിവരുടെ വിയോജനക്കുറിപ്പോടെയാണ് കമ്മിറ്രിയുടെ ശുപാർശ. റിപ്പോർട്ടിലെ ചില പേജുകൾ കൂട്ടിച്ചേർത്തതിൽ ദുരൂഹത ഉണ്ടെന്ന ധനമന്ത്രിയുടെ വാദം സമിതി ശരിവച്ചു. വിവരങ്ങൾ വെളിപ്പെടുത്താനിടയായ അവസ്ഥാവിശേഷം ആവർത്തിക്കാനിടവരരുതെന്ന മുന്നറിയിപ്പും കമ്മിറ്രി നൽകുന്നുണ്ട്.

സി.എ.ജി റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിന് മുമ്പ് പത്രത്തിൽ വന്നതിനെതിരെ മുമ്പ് രാജ്യസഭാ പ്രിവിലേജസ് കമ്മിറ്രിക്ക് നൽകിയ പരാതിയിൽ അത് അവകാശ ലംഘനമല്ലെന്ന രാജ്യസഭാ കമ്മിറ്രിയുടെ നിഗമനം ഇവിടെയും പ്രസക്തമാണെന്ന് കമ്മിറ്രി എടുത്തുകാട്ടി. സി.എ.ജി റിപ്പോർട്ടിലെ കാര്യങ്ങൾ രഹസ്യമല്ല. ഇതുസംബന്ധിച്ച സർക്കുലർ സി.എ.ജി ഉദ്യോഗസ്ഥർക്ക് മാത്രം ബാധകമാണ്. ധനകാര്യ സെക്രട്ടറിക്ക് അതീവ രഹസ്യമായി സി.എ.ജി നൽകിയ റിപ്പോർട്ട് ധനമന്ത്രി ചോർത്തിയെടുത്തെന്ന ആരോപണം നിലനിൽക്കില്ല. സഭയിൽ റിപ്പോർട്ട് വയ്ക്കേണ്ട മന്ത്രി അത് കാണുന്നതിൽ അപാകതയില്ല. സഭയിൽ സമർപ്പിച്ചിട്ടില്ലാത്ത സഭാ സമിതികളുടെ റിപ്പോർട്ട് പുറത്താവുന്നത് അവകാശ ലംഘനമാണെങ്കിലും നിയമങ്ങളിലെ വ്യവസ്ഥകൾക്കനുസരിച്ച് മേശപ്പുറത്ത് വയ്ക്കേണ്ട റിപ്പോർട്ട് പുറത്താകുന്നത് അവകാശ ലംഘനമല്ല.

പ്രതിപക്ഷ വിയോജനക്കുറിപ്പ്

ഭരണഘടനാ വ്യവസ്ഥ പ്രകാരം സഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ട രേഖ അതിന് മുമ്പ് മാദ്ധ്യമങ്ങളിൽ കൂടി വെളുപ്പെടുത്തിയത് സഭയുടെ അവകാശ ലംഘനം മാത്രമല്ല ഒൗദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനവും ഇതുവഴി സത്യ പ്രതിജ്ഞാ ലംഘനവുമാണെന്നതിൽ ഉറച്ചു നിൽക്കുകയാണെന്ന് പ്രതിപക്ഷാംഗങ്ങൾ വിയോജനക്കുറിപ്പിൽ വ്യക്തമാക്കി. എന്തുകൊണ്ട് പുറത്തുവിട്ടു എന്നത് എത്തിക്സ് കമ്മിറ്രിയെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. മന്ത്രിയുടെ നടപടിയെ സാധൂകരിക്കുന്ന നിലപാട് സഭാചരിത്രത്തിൽ തെറ്രായ കീഴ് വഴക്കത്തിന് തുടക്കം കുറിക്കും.

പെരുകുന്ന കടബാധ്യത ന്യായീകരിച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം വർഷം തോറും പെരുകിവരുന്നതിൽ ആശങ്കയും ആക്ഷേപവും പ്രകടിപ്പിച്ച് പ്രതിപക്ഷം. എന്നാൽ, ആശങ്കപ്പെടാനില്ലെന്ന് ഭരണപക്ഷം. സംസ്ഥാനബഡ്ജറ്റിന്റെ പൊതുചർച്ചയിൽ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കടബാധ്യതയായിരുന്നു പ്രധാനവിഷയം

ഇൗ സർക്കാർ വരുമ്പോൾ, 1.56ലക്ഷം കോടിയായിരുന്നു കടം. ഇപ്പോൾ അത് 2.51ലക്ഷം കോടിയായെന്ന് കെ.സി.ജോസഫ് കുറ്റപ്പെടുത്തി. കിഫ്ബിയുടെ കടം ചേർത്താൽ മൂന്ന് ലക്ഷം കോടി കടക്കുമെന്ന് ബി.ജെ.പി അംഗം ഒ.രാജഗോപാൽ ചൂണ്ടിക്കാട്ടി. വി.എസ്. സർക്കാർ 2011ൽ ഇറങ്ങുമ്പോൾ കടം 75000 കോടിയായിരുന്നുവെന്നും ഉമ്മൻചാണ്ടി 2016ൽ ഇറങ്ങിയപ്പോൾ അത് 1.56ലക്ഷം കോടിയായി വർദ്ധിച്ചെന്നും ചൂണ്ടിക്കാട്ടിയ ധനമന്ത്രി തോമസ് ഐസക് ഇത് സാധാരണ പ്രതിഭാസമാണെന്ന് ന്യായീകരിച്ചു.