തിരുവനന്തപുരം: കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഇല കൊണ്ടുള്ള വേഷമണിഞ്ഞ് പ്രതിഷേധിച്ച് മനുഷ്യാവകാശ സംഘടന. സംസ്ഥാനത്തെ കർഷകർ നേരിടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണുക, കാർഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ആൻഡ് എൻവയൺമെന്റ് മൂവ്‌മെന്റ് (എച്ച്.പി.ആർ.ഇ.എം) നടത്തിയ സമരത്തിൽ സംസ്ഥാന സെക്രട്ടറി സിറാജ് കൊടുവായൂരാണ് ഇലയാട അണിഞ്ഞ് പ്രതിഷേധിച്ചത്.

പ്രതിഷേധക്കാരെ രാജ്ഭവനുസമീപം പൊലീസ് തടഞ്ഞു. ദേശീയ സെക്രട്ടറി ജയ്സൺ ഡൊമനിക് ഗവർണറുടെ എ.ഡി.സിക്ക് നിവേദനം നൽകി. ദേശീയ ചെയർമാൻ ജോർജ് സിറിയക് ഉദ്ഘാടനം ചെയ്തു. പാലക്കാട് കർഷകനിൽ നിന്ന് ലഭിച്ച ഇടങ്ങഴി നെല്ല് ഗവർണർ സ്വീകരിക്കാൻ തയാറാകാത്തതിനാൽ പ്രവർത്തകർ ഓരോ ജില്ലയിൽ നിന്ന് രാഷ്ട്രപതിക്ക് പാഴ്സലായി അയയ്ക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ട്രഷറർ ബഷീർ ഹാജി മങ്കട അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബാലകൃഷ്ണൻ കുട്ടിലങ്ങാടി, ഷർലിൻ മന്തിലാട്, വേണു കോങ്ങാട്, ജോതി ചോറക്കോട്ട്, ബിജു ആന്റണി, മോഹൻദാസ് കെ. മേനോൻ, സുകുമാരൻ മങ്കട, സജയ് ലാൽ, പുഴക്കാട്ടിരി രാഹുൽ, അങ്ങാടിപ്പുറം മുഹമ്മദ്, ഷഹീം തിരൂർക്കാട് എന്നിവർ സംസാരിച്ചു.