തിരുവനന്തപുരം:സി.എ.ജിയുടെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ ഓഡിറ്റ് നടത്തുന്നവരും ഓഡിറ്റിന് വിധേയരാകുന്നവരും തമ്മിൽ അവസാനമായി നടത്തുന്ന യോഗത്തിന്റെ (എക്സിറ്റ് മീറ്റിംഗ്) മിനിട്സ് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്ന് ധനവകുപ്പ് സെക്രട്ടറിക്കയച്ചെങ്കിലും ഒപ്പിട്ട് തിരിച്ച് അയച്ചില്ലെന്ന് അടിയന്തരപ്രമേയ ചർച്ചയിൽ വി.ഡി. സതീശന്റെ ആരോപണം. ഇത് മറച്ചുവച്ച് ധനമന്ത്രി സഭയെയും ഗവർണറെയും തെറ്റിദ്ധരിപ്പിച്ചെന്നും സതീശൻ കുറ്റപ്പെടുത്തി. ധനവകുപ്പിന്റെ മുഴുവൻ തപാലും തപ്പിയിട്ടും അങ്ങനെയൊരു രേഖ കണ്ടെത്തിയില്ലെന്നാണ് മന്ത്രി തോമസ് ഐസക്കിന്റെ വാദം. അയച്ചിട്ടുണ്ടെങ്കിൽ അതു തെളിയിക്കാൻ വി.ഡി. സതീശനെ മന്ത്രി വെല്ലുവിളിച്ചു.
കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വി.ഡി.സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിലാണ് ചൂടേറിയ വാദപ്രതിവാദം നടന്നത്. പ്രമേയം സഭ തള്ളി. ധനമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
എക്സിറ്റ് മീറ്രിംഗിൽ ധനസെക്രട്ടറി പങ്കെടുത്തില്ലെങ്കിലും ധനവകുപ്പുദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ടെന്നാണ് സതീശൻ ചൂണ്ടിക്കാട്ടിയത്. ഇതിന്റെ മിനിട്സ് എ.ജി അയച്ചുവെന്ന് തെളിയിക്കാം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായ തനിക്ക് രേഖകൾ ലഭിക്കാൻ ബുദ്ധിമുട്ടില്ല.
നിങ്ങളിലൂടെ എത്ര രേഖകളാണ് സി.എ.ജിയുടേതായി പുറത്തുവിട്ടിട്ടുള്ളതെന്നും കാര്യങ്ങൾ പരിശോധിച്ചാൽ കളികൾ മനസിലാകുമെന്നും മന്ത്രി തിരിച്ചടിച്ചു. പ്രതിഷേധവുമായി എഴുന്നേറ്റ സതീശൻ, സി.എ.ജിയെ മന്ത്രി അപമാനിക്കുന്നുവെന്നാവർത്തിച്ചു. താനോ മറ്റാരെങ്കിലുമോ എ.ജിയുടെ ഏതെങ്കിലും ഔദ്യോഗികരേഖ പുറത്തുവിട്ടെന്ന് തെളിയിക്കാൻ അദ്ദേഹം മന്ത്രിയെ വെല്ലുവിളിച്ചു.
റിപ്പോർട്ട് സഭയിലെത്തുമ്പോൾ പ്രതിരോധത്തിലാവുമെന്ന് മനസിലാക്കി, ആദ്യമേ കടന്നാക്രമിക്കുകയെന്ന തന്ത്രമാണ് ഐസക് പയറ്റിയത്. ഇത്രയും കൗശലക്കാരനായ ധനമന്ത്രിയെ കേരളം കണ്ടിട്ടില്ല. സി.എ.ജി ഏകപക്ഷീയമായാണ് നിഗമനത്തിലെത്തിയതെന്ന മന്ത്രിയുടെ വാദം തെറ്റിദ്ധരിപ്പിക്കാനാണ്. റിപ്പോർട്ടിൽ കിഫ്ബിയുടെ വിശദീകരണവും സി.എ.ജി നൽകിയിട്ടുണ്ട്. ആർ.ബി.ഐ അനുമതിയെപ്പോലും മന്ത്രി തെറ്റായി വ്യാഖ്യാനിച്ചെന്നും സതീശൻ കുറ്റപ്പെടുത്തി.
സർക്കാരിനെതിരായ ഭീകരമായ ഗൂഢാലോചനയാണ് കിഫ്ബിക്കെതിരായ സി.എ.ജി പരാമർശങ്ങൾക്ക് പിന്നിലെന്ന് ജെയിംസ് മാത്യു ആരോപിച്ചു.
ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റിയാൽ സി.എ.ജിയെ ആദരിക്കുമെന്നും എന്നാൽ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനാണെങ്കിൽ ശക്തമായി എതിർക്കുമെന്നും എം. സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരിട്ട് വാങ്ങി നൽകാവുന്നതല്ല വായ്പകളെന്നും ചട്ടത്തിന്റെയും ഭരണഘടനയുടെയുമൊക്കെ വളയത്തിനകത്ത് നിന്നേ പോകാവൂവെന്നും എം. ഉമ്മർ പറഞ്ഞു. മുല്ലക്കര രത്നാകരൻ, മോൻസ് ജോസഫ്, വി.ടി. ബൽറാം എന്നിവരും സംസാരിച്ചു.
അടിയന്തരപ്രമേയം ചർച്ച ചെയ്ത് തള്ളി
തിരുവനന്തപുരം: മസാലബോണ്ടുകൾ വിറ്റഴിച്ചത് ഉൾപ്പെടെയുള്ള കിഫ്ബി നടപടികൾ ഭരണഘടനാ ലംഘനമാണെന്ന സി.എ.ജിയുടെ കണ്ടെത്തൽ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം നിയമസഭ ചർച്ച ചെയ്ത് തള്ളി. ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെന്നാരോപിച്ച് ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ ഇകഴ്ത്തിക്കാട്ടാനാണ് നീക്കമെന്നും നഗ്നമായ ഭരണഘടനാലംഘനത്തിന് കൂട്ടുനിന്ന ധനമന്ത്രി രാജി വയ്ക്കണമെന്നും ഇറങ്ങിപ്പോക്കിന് മുമ്പായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വി.ഡി. സതീശന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ്, പതിവിന് വിരുദ്ധമായി ചർച്ച ചെയ്യാൻ മന്ത്രി തോമസ് ഐസക് സമ്മതിക്കുകയായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് സഭ ചർച്ചയ്ക്കെടുക്കുന്ന അഞ്ചാമത്തെ അടിയന്തരപ്രമേയമായി ഇത്. ഉച്ചയ്ക്ക് 12നാണ് വിഷയം സഭ ചർച്ചയ്ക്കെടുത്തത്. നാട്ടിൽ വികസനപ്രവർത്തനം നടത്താൻ ഇടതുപക്ഷം വീണ്ടും വരണമെന്നാണ് കിഫ്ബിയെ ഉയർത്തിക്കാട്ടി തങ്ങൾ പറയുന്നതെന്ന് മന്ത്രി ഐസക് വ്യക്തമാക്കി. ഇത് മൊത്തം ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞ് നടക്കുന്ന പാർട്ടികളാണ് പ്രതിപക്ഷത്ത്. തീരുമാനിക്കേണ്ടത് ജനങ്ങളാണ്. നിഗമനങ്ങളിലേക്ക് സി.എ.ജി എത്തിച്ചേർന്നത് എ.ജിയുടെ തന്നെ നടപടിക്രമങ്ങൾക്ക് വിരുദ്ധമായാണ്. ഇവിടെ കേരളമെന്ന കൊച്ചുസംസ്ഥാനമുണ്ടെന്നും അതിന് വായ്പയെടുക്കാനും തിരിച്ചടയ്ക്കാനും കഴിവുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനുമാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ടിന് ലിസ്റ്റ് ചെയ്തത്. കേന്ദ്രമുണ്ടാക്കിയ ഫെമ നിയമപ്രകാരമാണ് മസാല ബോണ്ടെടുത്തത്. ഫെമ നിയമപ്രകാരം ബോഡി കോർപ്പറേറ്റായ കിഫ്ബിക്ക് വായ്പയെടുക്കാൻ അനുമതി നൽകിയത് റിസർവ് ബാങ്കാണ്. മസാലബോണ്ടിന്റെ പലിശക്കാര്യത്തിൽ കിഫ്ബിബോർഡ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ബഡ്ജറ്റിന് പുറത്തുള്ളതല്ല കിഫ്ബി വായ്പ. സംസ്ഥാനത്തിന് നേരിട്ടുള്ള ബാദ്ധ്യതയുമില്ല. ഇതൊരു ബിസിനസ് മോഡലാണ്. എത്ര വിസ്മയകരമായ മാറ്റങ്ങളാണ് ഇതിലൂടെ നാട്ടിലുണ്ടായത്. കിഫ്ബിനിയമം കൂട്ടായി നിയമസഭ പാസ്സാക്കിയിട്ടിപ്പോൾ പ്രതിപക്ഷം വഴി പിരിഞ്ഞത്, രാഷ്ട്രീയനേട്ടം ഭരണപക്ഷത്തിനാവുന്നുവെന്ന ആശങ്കയിലാണെന്നും മന്ത്രി പറഞ്ഞു.