തിരുവനന്തപുരം:കേരളത്തിന്റെ നെഞ്ചിലെ അണയാത്ത നോവായി മാറിയ വാളയാർ കേസിൽ പ്രതികൾക്ക് തുണയാകുമായിരുന്ന പിശക് തിരുത്തി പൊലീസും പ്രോസിക്യൂഷനും. തുടരന്വേഷണത്തിന് കോടതി അനുമതി നൽകുംമുൻപേ, അന്വേഷണ ഏജൻസിക്ക് പുറത്തുള്ള എസ്.പിയുടെ നേതൃത്വത്തിൽ തുടരന്വേഷണത്തിന് പ്രത്യേകസംഘമുണ്ടാക്കിയ ഡി.ജി. പി ലോക് നാഥ് ബെഹ്റയുടെ നടപടിയിലെ പിശക് ഇന്നലെ 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്ന് തുടരന്വേഷണത്തിന് അനുമതി തേടി സ്പെഷ്യൽ പ്രോസിക്യൂട്ടർ സുബ്രഹ്മണ്യൻ പാലക്കാട് പോക്സോ കോടതിയിൽ ഹർജി നൽകി. പ്രതിഭാഗത്തിന്റെ വിശദീകരണം കൂടി കേട്ടശേഷം 22ന് ജഡ്ജി മുരളീകൃഷ്‌ണൻ ഹർജിയിൽ ഉത്തരവിടും.ഇതിനുശേഷമേ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം ആരംഭിക്കൂ.
കോടതി ഉത്തരവിടുന്നതിന് മുൻപേ ഡി.ജി.പി ലോക് നാഥ് ബെഹ്റ, റെയിൽവേ എസ്.പി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ തുടരന്വേഷണത്തിന് പ്രത്യേകസംഘമുണ്ടാക്കി ഉത്തരവിറക്കിയതാണ് വിവാദമായത്. ഇത് തെറ്റായ നടപടിക്രമമാണെന്നും പ്രതികൾ പിന്നീട് ഉന്നതകോടതികളിൽ ചോദ്യംചെയ്യാനിടയുണ്ടെന്നും 'കേരളകൗമുദി' ചൂണ്ടിക്കാട്ടി. കോടതിയുടെ വിവേചനാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി.കെമാൽപാഷയും വ്യക്തമാക്കിയിരുന്നു.
പ്രതികളെ വിട്ടയച്ച പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ആദ്യ അന്വേഷണസംഘത്തിലെ എസ്.ഐ ചാക്കോയുടെ വീഴ്ചകളാണ് എടുത്തുപറഞ്ഞിരുന്നത്. എന്നാൽ ഡിവൈ.എസ്.പി സോജന്റെ നേതൃത്വത്തിലുള്ള രണ്ടാംസംഘത്തിനും വീഴ്ചയുണ്ടായെന്നാണ് തുടരന്വേഷണത്തിന് അനുമതി തേടിയ അപേക്ഷയിൽ പറയുന്നത്. ഇളയ പെൺകുട്ടിയുടേത് കൊലപാതകമാവാനുള്ള സാദ്ധ്യത പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടും അന്വേഷിച്ചില്ല. കൊലപാതകത്തിനുള്ള 302-ാം വകുപ്പ് ചുമത്തിയില്ല. ഗുരതരമായ പിശകാണിത്. അതിനാൽ വീണ്ടും വിശദമായി അന്വേഷിക്കണമെന്നാണ് അപേക്ഷ. തുടരന്വേഷണത്തിന് കോടതിയിൽ നിന്ന് അനുമതി നേടിയശേഷം, സി.ബി.ഐയ്ക്ക് വിടാനുള്ള നടപടിക്രമങ്ങൾ പ്രത്യേകസംഘം പൂർത്തിയാക്കുമെന്നാണ് നിയമവകുപ്പിന്റെ വിശദീകരണം.
ഇനി ഇങ്ങനെ