തിരുവനന്തപുരം:ശ്രീനാരായണ ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയിൽ ടൂറിസം വകുപ്പ് നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി. വയൽവാരം വീടിനോട് ചേർന്ന് 18 കോടിയിലധികം രൂപ ചെലവഴിച്ചാണ് ആധുനിക കൺവെൻഷൻ സെന്ററും ഡിജിറ്റൽ മ്യൂസിയവും ഒരുങ്ങുന്നത്. കൺവെൻഷൻ സെന്ററിന്റെ മോൾഡെഡ് മേൽക്കൂരയുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല.

ഒഡിഷയിലെ സ്തൂപക്ഷേത്ര മാതൃകയിൽ രൂപകല്പന ചെയ്തിട്ടുള്ള കൺവെൻഷൻ സെന്ററിന് രണ്ടു നിലകളിലായി 23,622 ചതുരശ്ര അടി വിസ്തൃതിയുണ്ട്.15,751 ചതുരശ്ര അടി വിസ്തൃതിയുള്ള താഴത്തെ നിലയിൽ 1,200 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഹാളാണ്. മുകളിലെ നിലയിലാണ് ഡിജിറ്റൽ മ്യൂസിയം. ഗ്രീന്റൂം,ഓഫീസ്, അടുക്കള, സ്റ്റോർ റൂം, ശുചിമുറി ബ്ലോക്ക് എന്നിവയുമുണ്ട്.

ഗുരുദേവനെ കുറിച്ചുള്ള രാജ്യത്തെ ആദ്യ ഡിജിറ്റൽ മ്യൂസിയത്തിന് 8,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഗുരുദേവന്റെ ബാല്യവും കൗമാരവും യൗവനവും ജ്ഞാനവേളയും സാങ്കേതികസഹായത്തോടെ ഓരോ ഹാളിലായി വിവരിക്കും. വലിയ സ്‌ക്രീനിൽ ബട്ടൻ അമർത്തിയാൽ ദൃശ്യത്തിന്റെ സഹായത്തോടെ ഗുരുവിന്റെ ഓരോ കാലഘട്ടത്തെയും അടുത്തറിയാൻ കഴിയും. ലൈബ്രറിയിൽ പുസ്തകങ്ങളുടെ ഡിജിറ്റൽ ശേഖരവുമുണ്ടാകും.