ആറ്റിങ്ങൽ: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ആറ്റിങ്ങൽ നാലുവരിപ്പാത നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി അടിയന്തരമായി പൂർത്തിയാക്കാനാണ് തീരുമാനം. പൂവൻപാറ മുതൽ മൂന്നുമുക്ക് വരെയാണ് നാലുവരിപ്പാത നിർമ്മിക്കുന്നത്. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിനു മുമ്പ് പദ്ധതി പൂർത്തിയാക്കാനാണ് നീക്കം. ടാറിംഗ് ജോലികളും ഓട പൂർത്തിയാക്കലും നടപ്പാത ക്രമീകരിക്കലും ട്രാഫിക് സംവിധാനങ്ങളൊരുക്കലുമാണ് ഇനി നടക്കാനുള്ളത്. കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ കച്ചേരി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ബി.എം വർക്കുകൾ പുരോഗമിക്കുകയാണ്. ബി.എസ്.എൻ.എൽ, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി എന്നിവയുടെ സഹകരണത്തോടെ ലൈനുകൾ മാറ്റിക്കഴിഞ്ഞു. മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി. ചില ഭാഗങ്ങളിൽ ഓടയിൽ വെള്ളം കയറാത്ത ഭാഗത്തെ പ്രശ്‌നങ്ങളും പരിഹരിച്ചു കഴിഞ്ഞു.
നിർമ്മാണം തകൃതി
കൊവിഡ് കാലത്ത് ഇഴഞ്ഞുനീങ്ങിയ പണികളാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്. ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനവും മദ്ധ്യഭാഗത്ത് ഡിവൈഡറോടും കൂടി 16 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനവും സ്ലാബുകളും സ്ഥാപിച്ചു ചിലയിടങ്ങളിൽ അവ ബന്ധിപ്പിക്കാനുണ്ട്. കരാറുകാരായ റിവൈവ് കമ്പനിയുടെ കിളിമാനൂരിലുള്ള യാർഡിൽ നിർമ്മിച്ച സ്ലാബുകളും ഡിവൈഡറുകളും ഇവിടെ എത്തിച്ചിട്ടുണ്ട്.
ചെലവ് - 24 കോടി
നിർമ്മാണം ആരംഭിച്ചത് - 2020 ഫെബ്രുവരി 5ന്
ദൂരം -2.5 കി.മീ വീതി 16 മീറ്റർ
പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെ
പ്രതികരണം
ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നാട്ടുകാരുടെ സഹകരണത്തോടെ നടക്കുന്ന നാലുവരിപ്പാത വികസനം സമയബന്ധിതമായി പൂർത്തിയാക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇത് ജനങ്ങൾക്കു സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പണികൾ നടക്കുന്നത്.
ബി. സത്യൻ എം.എൽ.എ