തിരുവനന്തപുരം: സംസ്ഥാനത്തെ 92 സ്കൂളുകൾക്ക് നവീകരണ പാക്കേജുൾപ്പെടെ 498 കോടിരൂപയുടെ അധിക പദ്ധതികൾ ഉൾപ്പെടുത്തി സംസ്ഥാന ബഡ്ജറ്റ് പുതുക്കി. യു.ജി.സി. അദ്ധ്യാപക ശമ്പളപരിഷ്ക്കരണം ലഭിക്കാത്തവർക്ക് ഫെബ്രുവരി ഒന്നുമുതൽ നൽകാനും സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളപരിഷ്ക്കരണം ഉടൻ പ്രഖ്യാപിക്കാനും തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ബഡ്ജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരാൻ സാധ്യതയുള്ളതിനാലാണിതെന്ന് അദ്ദേഹം വിശദീകരിച്ചു.
ബഡ്ജറ്റിൽ ശമ്പളപരിഷ്ക്കരണറിപ്പോർട്ട് ജനുവരി അവസാനം കിട്ടുമെന്നും ഏപ്രിൽ ആദ്യം പ്രഖ്യാപിക്കുമെന്നുമാണ് അറിയിച്ചിരുന്നത്.
യു.ജി.സി ശമ്പളപരിഷ്ക്കരണം പ്രഖ്യാപിക്കുകയും അക്കൗണ്ടന്റ് ജനറൽ ഉന്നയിച്ച സംശയങ്ങൾ മൂലം കിട്ടാതിരിക്കുകയും ചെയ്ത അദ്ധ്യപകർക്കാണ് പുതിയ സ്കെയിൽ ഫെബ്രുവരി ഒന്നുമുതൽ നൽകുന്നത്. കുടിശിക പി.എഫിൽ ലയിപ്പിക്കും. അത് 2023-24, 2024-25 വർഷങ്ങളിൽ പിൻവലിക്കാം.യു.ജി.സി.പെൻഷൻ പരിഷ്ക്കരണത്തിനുള്ള അനോമലി ഒരു കമ്മിറ്റി പരിശോധിച്ചുവരികയാണ്. അത് കിട്ടുന്ന മുറയ്ക്ക് സമയബന്ധിതമായി അത് നടപ്പാക്കും.മഹാകവി അക്കിത്തത്തിന് സ്മാരകം നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചു.