farm

നെടുമങ്ങാട്: പഠിച്ചത് കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെക്കാനിസം, മനസ് നിറയെ മണ്ണിനോടും കൃഷിവിളകളോടുമുള്ള പ്രണയം. സംസ്ഥാന സർക്കാരിന്റെ മികച്ച ഹൈടെക് കർഷകനുള്ള അവാർഡ് ലഭിച്ച പേരുമല പുളിഞ്ചിയിൽ പുത്തൻവീട്ടിൽ ഷമീർ (32) നാട്ടുകാർക്ക് നൽകുന്നത് മാതൃകാപരമായ പാഠം. പുളിഞ്ചി സ്വദേശിയും മുൻ കർഷകനുമായ സൈഫുദീന്റെയും സലീനയുടെയും മകനാണ് ഷമീർ. '' വാപ്പയും ഉപ്പാപ്പയും കർഷകരായിരുന്നു, മണ്ണിന്റെ മനസറിഞ്ഞുള്ള ആ പാത പിന്തുടരാനാണ് ഇഷ്ടം. വൈറ്റ് കോളർ ജോബിനേക്കാൾ ആസ്വദിച്ച് ജോലി ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ട്. ആത്‌മസംതൃപ്‍തിയല്ലേ മുഖ്യം.. '' പ്ലസ്ടുവിന് ശേഷം മൊബൈൽ ഫോൺ ടെക്‌നീഷ്യൻ ജോലിയിൽ വ്യാപൃതനായിരിക്കെയാണ് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഡിപ്ലോമ കോഴ്‌സിൽ പ്രവേശനം ലഭിച്ചത്. ഡിപ്ലോമ നേടി യൂണിവേഴ്‌സിറ്റി കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ബിരുദം കരസ്ഥമാക്കിയപ്പോഴേയ്ക്കും പൊലീസ് ഡ്രൈവർ തസ്‌തികയിൽ പേര് വന്നെങ്കിലും കൃഷിയിലേക്ക് തിരിയാനായിരുന്നു മോഹം. മൂത്ത രണ്ട് പെങ്ങന്മാർക്കുൾപ്പടെ ഒരേക്കറോളം നിലം പേരുമലയിലുണ്ട്. പരിസരത്ത് കെട്ടിടങ്ങൾ ഉയർന്നപ്പോൾ നിലം വെള്ളക്കെട്ടിലായി. ആറുവർഷം മുമ്പ് മാറ്റിവച്ച ആ മോഹ സാക്ഷാത്കാരത്തിലേക്ക് മികച്ച ഹൈടെക് കർഷകന്റെ അവാർഡ് തിളക്കവുമായി നടന്നടുക്കുമ്പോൾ ഹൈടെക് പച്ചക്കറി ഫാമിന്റെ പരീക്ഷണ വിജയമാണ് കൈമുതലായുള്ളത്.

ഹൈടെക് കർഷകനിലേക്കുള്ള പ്രയാണം...

മണ്ണന്തലയിൽ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ് പാട്ട വസ്‌തുവിൽ വെള്ളരി കൃഷി ഇറക്കിയാണ് ഈ രംഗത്ത് ഷമീറിന്റെ കാൽവയ്പ്. കൃഷിവകുപ്പും ഹോർട്ടി കോർപ്പും നൽകിയ പ്രോത്സാഹനം പ്രചോദനമായി. ഇതോടെയാണ് പേരുമലയിൽ സ്വന്തമായുള്ള 25 സെന്റിൽ ഹൈടെക് ഫാമെന്ന ആശയം മനസിലുദിച്ചത്. ബാങ്കിൽ നിന്ന് 12 ലക്ഷം രൂപ (ഏഴു ലക്ഷത്തിന്റെ സബ്‌സിഡിയോട് കൂടി) വായ്പ ലഭിച്ചു. പവർ ഡ്രില്ലർ, വളം - കീടനാശിനി തളിക്കുള്ള പവർ സ്‌പ്രേ തുടങ്ങിയ എല്ലാ ഉപകരണങ്ങളും സബ്‌സിഡി നിരക്കിൽ കൃഷിവകുപ്പും അനുവദിച്ചു. ഗ്രീൻ കെയർ കേരള സൊസൈറ്റി എന്ന സംഘടനയുടെ മാർഗ നിർദേശത്തോടെ ഫാം സജ്ജമാക്കി. തലസ്ഥാനത്തെ പ്രമുഖ ഷോപ്പുകളിലും നെടുമങ്ങാട് ഇക്കോഷോപ്പിലും വാളിക്കോട്ടെ പച്ചക്കറി മാളുകളിലും മുടങ്ങാതെ എത്തിക്കും. ശേഷിക്കുന്ന 75 സെന്റ് സ്ഥലത്ത് പശു, ആട്, കോഴി ഫാമുകൾ തുടങ്ങിയ സമ്മിശ്രക്കൃഷിയാണ് മനസിലുള്ളത്. ലാഭ വിഹിതത്തിൽ നിന്ന് ഒരു കാർ സ്വന്തമാക്കി, വായ്‌പ അടവും മുടങ്ങിയിട്ടില്ല. ലാബ് ടെക്‌നീഷ്യയായ ഭാര്യ തസ്ലീമയും സഹോദരിമാരുടെ മക്കളും സഹായിക്കാനെത്തും. നെടുമങ്ങാട് കൃഷി ഭവനിലെ ആനി, സജി എന്നിവരുടെ നിർബന്ധത്തെ തുടർന്നാണ് അവാർഡിന് അപേക്ഷിച്ചത്.

 ഓരോ വിളവിലും രണ്ടര ടൺ വെള്ളരിയും 800 കിലോ പയറും 300 കിലോ

പാലക് ചീരയും 250 കിലോ വീതം സാധാരണ ചീരയും പാവലും ലഭിക്കുന്നുണ്ട്

 നിലവിലെ കൃഷി - 25 സെന്റിൽ