പൂവാർ: തീരദേശ ഗ്രാമ പഞ്ചായത്തായ കരുംകുളത്തെ പുല്ലുവിള കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ കൊവിഡ് വാക്സിൻ കേന്ദ്രമായി തിരഞ്ഞെടുത്തു. ജില്ലയിൽ പ്രഖ്യാപിച്ച സി.എച്ച്.സികളിൽ ഒന്ന് പുല്ലുവിളയും മറ്റൊന്ന് അഞ്ചുതെങ്ങുമാണ്. പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹൻ ഉദ്ഘാടനം ചെയതു. കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് എം. ചിഞ്ചു, വൈസ് പ്രസിഡന്റ് ബി. മധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹെസ്റ്റിൻ.ജി, ജനറ്റ് യേശുദാസൻ, വാർഡ് അംഗം ജനീഫ, മെഡിക്കൽ ഓഫീസർ ഡോ. മഞ്ജുള, ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. പുല്ലുവിള ആശുപത്രിയിൽ ആദ്യം 87 പേർക്കുള്ള വാക്സിൻ ഡോസുകളാണ് എത്തിച്ചത്. ആരോഗ്യ പ്രവർത്തകർക്കാണ് ഇത് എത്തിച്ചതെങ്കിലും 67 പേർക്കാണ് പ്രതിരോധ കുത്തിവെയ്പ് നൽകിയത്. മറ്റ് രോഗ ലക്ഷണങ്ങളുള്ള 20 പേർക്ക് കുത്തിവെയ്പ് നൽകിയില്ല. വാക്സിൻ നൽകിയവർക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ പറഞ്ഞു.