തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർക്ക് പുതിയ ജീവിത മാർഗം തുറക്കുകയാണ് മാജിക് പ്ലാനറ്റ്. തങ്ങളുടെ കരവിരുതുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരവും അതിലൂടെ ജീവിത മാർഗവും തുറക്കുകയാണ് മദേഴ്സ് മാസ്റ്ററി എന്ന പുതിയ പദ്ധതി. മാജിക് പ്ലാനറ്റിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്ററിൽ 100 ഭിന്നശേഷിക്കുട്ടികളാണ് വിവിധ കലകളിൽ പരിശീലനം നടത്തുന്നത്. ഇവരുടെ അമ്മമാർക്ക് സ്വയം തൊഴിൽ പരിശീലിക്കുന്നതിനായി ഫൊക്കാന വിമൺസ് ഫോറം, ലയൺസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ കരിസ്മ എ മാജിക്കൽ മൂവ് ഫോർ മദേഴ്സ് സെന്ററിന് ലോക ഭിന്നശേഷി ദിനത്തിൽ തുടക്കം കുറിച്ചിരുന്നു. ഇവിടെയാണ് അമ്മമാരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കുട്ടികളുടെ അമ്മമാരുടെ സർഗശേഷി വികസനത്തിലൂടെയുള്ള സ്വയം തൊഴിൽ പരിശീലന പദ്ധതി മദേഴ്സ് മാസ്റ്ററിയുടെ ഇന്ന് വൈകിട്ട് 5ന് ബിജു പ്രഭാകർ ഉദ്ഘാടനം നിർവഹിക്കും. അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഭിന്നശേഷിക്കുട്ടികൾക്ക് തൊഴിൽ നൽകുന്നതിനായി മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂണിവേഴ്സൽ മാജിക് സെന്റർ പദ്ധതിയുടെ വീഡിയോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സരേഷ് കുമാർ റിലീസ് ചെയ്യും. കരിസ്മ കോഓർഡിനേറ്റർ സൊഹ്റ മമ്മു, മാജിക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാജിക് അക്കാഡമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല ഡി.എ.സി കോഓർഡിനേറ്റർ ദിവ്യ.ടി എന്നിവർ പങ്കെടുക്കും.