u
കല്യാണരാമനിലെ രംഗം

തിരുവനന്തപുരം: ഒരു കുസൃതിച്ചിരിയുണ്ടാകും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുഖത്ത് മിക്കപ്പോഴും. അതുകൊണ്ടാണ് 'കല്യാണ രാമനി'ലെ കുസൃതിക്കാരനായ മുത്തച്ഛനെ പ്രേക്ഷകർ ഏറ്റെടുത്തത്. 76-ാം വയസിൽ 'ദേശാടന'ത്തിലൂടെ സിനിമയിലെത്തിയതു തന്നെ മുത്തച്ഛനായിട്ടാണ്. പിന്നെ ഏതാനും ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മുത്തച്ഛനായി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മാറി. സാക്ഷാൽ ഐശ്വര്യാ റായിയുടെ മുത്തച്ഛനായിട്ടും അദ്ദേഹം അഭനിയിച്ചു. രാജീവ് മേനോൻ സംവിധാനം ചെയ്ത 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' ആയിരുന്നു ചിത്രം. മമ്മൂട്ടിയായിരുന്നു നായകൻ.

നാല് തമിഴ് സിനിമകളിലടക്കം 15 സിനിമകളിൽ തിളങ്ങി. കമലഹാസനൊപ്പം പമ്മൽ കെ സമ്മന്തത്തിലും രജനീകാന്തിനൊപ്പം ചന്ദ്രമുഖിയിലും അഭിനയിച്ചു. ആദ്യ ചിത്രമായ ദേശാടത്തിൽ മുഴനീള കഥാപാത്രം. നിഷ്‌കളങ്ക ബാല്യത്തിൽ കൊച്ചുമകനെ സന്യാസത്തിന്ന് പറഞ്ഞയക്കേണ്ടി വന്നതിൽ വീർപ്പുമുട്ടുന്ന മുത്തച്ഛനെയാണ് ദേശാടനത്തിൽ പ്രേക്ഷകർ കണ്ടത്.

രാപ്പകൽ, കല്യാണരാമൻ, ഒരാൾ മാത്രം, കളിയാട്ടം,​ കൈക്കുടന്ന നിലാവ് മേഘമൽഹാർ,​ മധുരനൊമ്പരക്കാറ്റ്,ഗർഷോം

തുടങ്ങിയ സിനിമകളിൽ മറക്കാനാവാത്ത കഥാപാത്രങ്ങളെയാണ് ഈ നടൻ അവതരിപ്പിച്ചത്. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത 'മഴവില്ലിനറ്റം വരെ'യാണ് അവസാന സിനിമ.

നർമ്മരസം ചെറുപ്പം മുതൽ സൂക്ഷിച്ചിരുന്നു. ജീവിതം ചിട്ടയായി മുന്നോട്ടുകൊണ്ടു പോയ അദ്ദേഹം ആരോഗ്യവാനായിരുന്നു. അടുത്തകാലം വരെ യോഗ ചെയ്തിരുന്നു. ചെറുപ്പകാലത്ത് സ്വന്തമായി ജിം ഉണ്ടായിരുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഒരു ബോഡി ബിൽഡർ കൂടിയായിരുന്നുവെന്നത് അടുപ്പക്കാർക്കു മാത്രം അറിയാവുന്ന കാര്യമാണ്. പഠനകാലത്ത് വോളിബാളും ഫുട്ബാളും കളിച്ചിരുന്നു.