പോത്തൻകോട്: കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കഴിയുന്ന കൃഷ്ണൻകുട്ടി നായർക്കും പ്രസന്നകുമാരിക്കും മകന്റെയും കുടുംബത്തിന്റെയും വേർപാട് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. നാടിനെ നടുക്കിയ നേപ്പാൾ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുമ്പോൾ മകനും ഭാര്യയും മൂന്ന് പേരക്കുട്ടികളും കൈയെത്തും ദുരത്തുതന്നെയുണ്ടെന്ന പ്രത്യാശയിൽ പേരക്കുട്ടികൾ ഓടിനടന്ന മുറ്റത്ത് സ്‌മാരകമൊരുക്കാനാണ് ഇരുവരുടെയും തീരുമാനം.
ഒന്നാം വാർഷിക ദിനമായ ഇന്ന് വൈകിട്ട് 5ന് കുടുംബവീടിന് സമീപം അനുസ്‌മരണ ദിനാചരണവും സ്‌മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം ജനുവരി 21നായിരുന്നു കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് വിനോദയാത്രയ്‌ക്ക് പോയ 15 അംഗസംഘം താമസിച്ചിരുന്ന റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണിയിൽ കൃഷ്ണൻകുട്ടി നായരുടെയും പ്രസന്നകുമാരിയുടെയും മകൻ പ്രവീൺകുമാർ കെ. നായർ (39), ഭാര്യ ശരണ്യ ശശി (34), മക്കൾ ശ്രീഭദ്ര (9), ആർച്ച (7), അഭിനവ് (4) എന്നിവർ മരിച്ചത്. നേപ്പാളിലെ മക്‌വൻപുർ ജില്ലയിലെ ദാമനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലായിരുന്നു ദുരന്തം. കടുത്ത തണുപ്പിനെ തുടർന്ന് മുറികളടച്ച് ഇവർ ഗ്യാസ് ഹീറ്റർ പ്രവർത്തിപ്പിക്കവേ അതിൽ നിന്നുള്ള വിഷവാതകം ചോർന്നാണ് ദുരന്തമുണ്ടായത്. ടെക്നോപാർക്ക് ജീവനക്കാരനായിരുന്ന കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാർ (39), ഭാര്യ ഇന്ദു ലക്ഷ്‌മി പീതാംബരൻ (34), ഇവരുടെ മകൻ വൈഷ്‌ണവ് രഞ്ജിത്ത് (2) ഉൾപ്പെടെ എട്ടുപേരാണ് അപകടത്തിൽ മരിച്ചത്. പ്രവീണിന്റെ കുടുംബവീടിന് സമീപം രണ്ടു നിലകളിലായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ഒരുനില അയ്യൻകോയിക്കൽ റസിഡന്റ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കും രണ്ടാമത്തെ നിലയിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു ലൈബ്രറിയും ഒരുക്കാനാണ് തീരുമാനം. ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കും. എല്ലാ മാസവും കുടുംബത്തിന്റെ സ്‌മരണാർത്ഥം മെഡിക്കൽ ക്യാമ്പുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. മാതാപിതാക്കളുടെ ആഗ്രഹത്തിന് പ്രവീണിന്റെ സഹോദരി പ്രസീദയും ഭർത്താവ് രാജേഷും മറ്റ് ബന്ധുക്കളുടെയും പിന്തുണ നൽകുന്നുണ്ട്. സ്‌മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന് യാത്രാ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുക്കും.