sprinklr-deal

തിരുവനന്തപുരം: കൊവിഡ് വിവര വിശകലനത്തിന് അമേരിക്കൻ കമ്പനി സ്‌പ്രിൻക്ലറുമായി ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ കരാറുണ്ടാക്കിയത് മുഖ്യമന്ത്റിയോ ചീഫ് സെക്രട്ടറിയോ അറിയാതെയും ആരോഗ്യവകുപ്പുമായി ആലോചിക്കാതെയുമെന്ന് ആദ്യ അന്വേഷണ സമിതിയുടെ റിപ്പോർട്ട്. മുൻ വ്യോമയാന സെക്രട്ടറി എം. മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗദ്ധൻ ഗുൽഷൻ റായ് എന്നിവരാണ് അന്വേഷണം നടത്തിയത്. സർക്കാരിന് സമർപ്പിച്ച ഈ റിപ്പോർട്ട് തള്ളിയാണ് മുൻ നിയമസെക്രട്ടറി കെ. ശശിധരൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ വീണ്ടും അന്വേഷണത്തിന് നിയോഗിച്ചത്.

സ്‌പ്രിൻക്ലർ ശേഖരിച്ച വിവരങ്ങൾ ആമസോൺ വെബ് സർവീസിൽ സൂക്ഷിക്കുമെന്നും പിന്നീട് സി- ഡി​റ്റിന് കൈമാറുമെന്നുമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ 2020 ഏപ്രിൽ ആദ്യം വരെ സ്‌പ്രിൻക്ലർ തന്നെയാണ് വിവരങ്ങൾ സൂക്ഷിച്ചത്. ഏപ്രിൽ 17ന് മാത്രമാണ് സി-ഡി​റ്റിന്റെ സംവിധാനത്തിലേക്ക് മാ​റ്റിയത്. ഒരു ചർച്ചയുമില്ലാതെയാണ് വിവര ശേഖരണത്തിനും വിശകലനത്തിനുമുള്ള എല്ലാ അധികാരവും സ്‌പ്രിൻക്ലറിന് നൽകിയത്. നിയമ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരുമായി ഒരു ചർച്ചയുമുണ്ടായില്ല.

ഐ.ടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്റിയും കരാറിനെക്കുറിച്ച് അറിഞ്ഞില്ല. കരാറിന്റെ അധികാരപരിധി ന്യൂയോർക്കായിരുന്നതിനാൽ സ്‌പ്രിൻക്ലർ നിയമലംഘനം നടത്തിയാൽ ഒരു തരത്തിലുള്ള നടപടിയും സാദ്ധ്യമാവില്ലായിരുന്നു. കേന്ദ്ര സ്ഥാപനമായ സ്​റ്റാന്റേഡൈസേഷൻ ടെസ്​റ്റിംഗ് ആൻഡ് ക്വാളി​റ്റി സർട്ടിഫിക്കേഷനിൽ നടത്തിയ സുരക്ഷാ പരിശോധനാഫലം വിലയിരുത്തിയെങ്കിലും ശേഖരിച്ച വിവരങ്ങൾ സ്‌പ്രിൻക്ലറിന്റെ സംവിധാനത്തിൽ നിന്ന് പുറത്തുപോയോ എന്ന കാര്യത്തിൽ സമിതി അന്തിമ തീരുമാനത്തിലെത്തിയില്ല.സി-ഡി​റ്റ് 2020 മാർച്ച് 25 മുതലുള്ള ആമസോൺ വെബ് സർവീസ് ലോഗുകൾ മാത്രമേ പരിശോധനയ്ക്കായി നൽകിയിരുന്നുള്ളൂ. വിവര സുരക്ഷയ്ക്കായി സ്‌പ്രിൻക്ലർ എന്തൊക്കെ സംവിധാനം ഒരുക്കിയിരുന്നുവെന്നതിന് സി- ഡി​റ്റ് തെളിവുകളൊന്നും ലഭ്യമാക്കാത്ത സാഹചര്യത്തിൽ വിവരങ്ങളുടെ രഹസ്യാത്മകത, സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച് പരാമർശങ്ങൾ നടത്താനാകില്ലെന്നും കമ്മി​റ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിപയുടെ സമയത്ത് നിരീക്ഷണത്തിനായി സമാന രീതിയിലുള്ള മാനേജ്‌മെന്റ് ഇൻഫർമേഷൻ സംവിധാനംഉപയോഗിച്ചിരുന്നതായി ആരോഗ്യ സെക്രട്ടറി സമിതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും കണക്കിലെടുക്കാതെയായിരുന്നു സ്‌പ്രിൻക്ലറുമായി കരാർ.