തിരുവനന്തപുരം : സ്മാർട്ട് ഫാർമിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ആവിഷ്കരിച്ചതിന് സി.ടി.സി.ആർ.ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി.എസ്.സന്തോഷ് മിത്ര സംസ്ഥാന കൃഷിവകുപ്പിന്റെ ഇക്കൊല്ലത്തെ കൃഷി വിജ്ഞാൻ അവാർഡിന് അർഹനായി. സൂക്ഷ്മ കൃഷി രീതിയെ ആധുനിക സാങ്കേതിക വിദ്യയുമായി ചേർത്തതാണ് അവാർഡ് ലഭിക്കാൻ കാരണമായത്. ഇ -ക്രോപ്പ് എന്ന പേരിൽ ആവിഷ്‌കരിച്ച ഈ പദ്ധതിയിൽ ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് കൃഷിയുടെ ഓരോ ഘട്ടവും നിയന്ത്രിക്കുന്നത്. മണ്ണിന്റെ ഗുണം വർദ്ധിപ്പിക്കാൻ സ്വയം പ്രവർത്തിക്കുന്ന ഫെർട്ടിഗേഷൻ സംവിധാനം ഈ ഉപകരണത്തിന്റെ രണ്ടാം ഘട്ടമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. വെള്ളവും വളവും സ്വയം പ്രവർത്തിക്കുന്ന ട്രിപ്പ് ഇറിഗേഷനിലൂടെ ഈ ഉപകരണം മണ്ണിൽ എത്തിക്കും. ഈ ഉപകരണത്തിന് പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് സ്ഥാപനം.
പൗഡിക്കോണം സ്വദേശിയാണ് ഡോ. സന്തോഷ് മിത്ര. ബയോടെക്‌നോളജിസ്റ്റായ ഡോ.കവിതയാണ് ഭാര്യ. അർജുൻ സന്തോഷ്, അച്യുത് സന്തോഷ് എന്നിവർ മക്കളാണ്.