cm

തിരുവനന്തപുരം: വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ലേലത്തിൽ പങ്കെടുത്തശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രിയുടേത്.സർക്കാർ കമ്പനിയേക്കാൾ കൂടുതൽ തുക കാണിച്ചതിനാലാണ് അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറിയത്. ഒരു യാത്രക്കാരന് 168 രൂപയാണ് അദാനി ഗ്രൂപ്പിന്റെ ലേല തുക. സർക്കാർ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ 135 രൂപയാണ് വാഗ്ദാനം ചെയ്തത്.വിമാനത്താവളം നടത്തി പരിചയമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന സിയാലിനെ ലേലത്തിൽ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപീകരിച്ചത് ആരുടെ താത്പര്യമായിരുന്നുവെന്ന് വ്യക്തമാക്കണം. അനാവശ്യമായി കേന്ദ്രത്തെ പഴിചാരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല വേണ്ടതെന്നും വി. മുരളീധരൻ പറഞ്ഞു.