കാട്ടാക്കട: വൈകല്യങ്ങളോട് പോരാടി ജീവിതത്തിൽ മുന്നേറുന്ന ശ്രീധരൻ കാണിക്ക് ഇത് അർഹതയ്‌ക്കുള്ള അംഗീകാരം. അപകടത്തിൽ രണ്ടുകൈകളും നഷ്ടപ്പെട്ട ശ്രീധരൻ അഗസ്‌ത്യവന മേഖലയിൽ പൊന്നുവിളയിക്കുകയാണ്. കുറ്റിച്ചൽ പഞ്ചായത്തിലെ അഗസ്‌ത്യവനമേഖലയിലെ പൊടിയം കൊമ്പിടി ഊരിൽ കുന്നിൻപുറത്ത് വീട്ടിലാണ് ശ്രീധരൻ കാണിയുടെ താമസം. സംസ്ഥാന കർഷക അവാർഡ് പ്രഖ്യാപനത്തിലാണ് ശ്രീധരൻകാണിയടക്കം മൂന്നുപേരെ കൃഷിമന്ത്രി പ്രത്യേകം ആദരിച്ചത്. ഭിന്നശേഷിക്കാരനായ ആദിവാസി കർഷകൻ കാട്ടിനുള്ളിലെ മൂന്നേക്കറിൽ വിപുലമായ കൃഷിയാണ് നടത്തുന്നത്. 12 വർഷം മുമ്പ് നടന്ന ഒരു അപകടത്തിലാണ് ശ്രീധരൻ കാണിയുടെ രണ്ടു കൈകളുടെയും കൈമുട്ടിന് താഴെയുള്ള ഭാഗം പൂർണമായി നഷ്ടപ്പെട്ടത്. കൈപ്പത്തിയില്ലാത്ത ഇദ്ദേഹം പ്രത്യേക രീതിയിൽ തയ്യാറാക്കിയ റിങ്ങുകൾ ഉപയോഗിച്ച് മൺവെട്ടി ഉൾപ്പെടെയുള്ള പണിയായുധങ്ങൾ കൈകളിൽ ഉറപ്പിച്ചാണ് ജോലി ചെയ്യുന്നത്. പച്ചക്കറികൾ, കുരുമുളക്, കിഴങ്ങുവർഗങ്ങൾ, വാഴ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഭാര്യ സിന്ധുവും, മക്കളായ സീതാലക്ഷ്മി, ശ്രീരാജ് എന്നിവരും കൃഷിയിൽ സഹായിക്കുന്നുണ്ട്. ആദരവിൽ ഒരുപാട് സന്തോഷമുണ്ടെന്നും കൃഷി വിപുലപ്പെടുത്താനാണ് ശ്രമമെന്നും ഇദ്ദേഹം പറയുന്നു.