p-sreeramakrishnan

തിരുവനന്തപുരം: സ്‌പീക്കർ പി. ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് അംഗം എം. ഉമ്മർ നൽകിയ പ്രമേയ നോട്ടീസ് ഇന്ന് നിയമസഭ ചർച്ച ചെയ്യും. 2005ന് ശേഷം ഇതാദ്യമായാണ് ഒരു സ്പീക്കർക്കെതിരായ പ്രമേയം സഭ ചർച്ച ചെയ്യുന്നത്. ഇന്ന് രാവിലെ 10ന് ശൂന്യവേള നീട്ടി വച്ച് പ്രമേയം ചർച്ചയ്ക്കെടുക്കാനാണ് ധാരണ. പ്രമേയം സഭ പരിഗണിക്കാൻ ഇരുപത് അംഗങ്ങളുടെ പിന്തുണ വേണം. ചർച്ച നടക്കുന്ന വേളയിൽ സ്പീക്കർ ഡയസിന് വെളിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിൽ ഇരിക്കണം. ഡെപ്യൂട്ടി സ്പീക്കർ ആകും ചർച്ചാവേളയിൽ സഭ നിയന്ത്രിക്കുക.

രണ്ട് മണിക്കൂർ സമയമാണ് ചർച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നത്. രാവിലെ 10 മുതൽ 12വരെയാണ് കണക്കാക്കിയിരിക്കുന്ന സമയം. ശൂന്യവേളയിലേക്ക് ഇത് കഴിഞ്ഞാവും കടക്കുക. വോട്ട് ഓൺ അക്കൗണ്ടും ഇന്ന് സഭ പാസാക്കും.