1

പൂവാർ: നെയ്യാറ്റിൻകര താലൂക്കിലെ കരുംകുളത്ത് കെട്ടുകല്യാണ നിർമ്മാർജന ശതാബ്ദി സ്മാരകം വേണമെന്ന ആവശ്യം ശക്തമാകുന്നു.

19-ാം നൂറ്റാണ്ടിൽ സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളിൽ ഒന്നായിരുന്നു കെട്ടു കല്യാണം. പാവങ്ങളായ സാധാരണ ജനവിഭാഗങ്ങളുടെ ധന ദുർവിനിയോഗമാണ് ഇതിലൂടെ സംഭവിക്കുന്നതെന്ന് ബോദ്ധ്യമായ ശ്രീനാരായണഗുരു 1911 ൽ കരുംകുളത്തുവച്ച് കെട്ടുകല്യാണം നിരോധിച്ചു.

സമൂഹത്തിൽ നിലനിന്നിരുന്ന ഒരു അസന്മാർഗിക ആചാരത്തെ ഇല്ലായ്മചെയ്തിട്ട് 110 വർഷം പിന്നിട്ടു. 1911 ജനുവരി 18നാണ് ശ്രീനാരായണ ഗുരുദേവൻ കരുംകുളത്തു നടന്ന ഒരു കെട്ട് കല്യാണത്തിൽ പങ്കെടുത്തുകൊണ്ട് അവിടെ കൂടിയവരെ ബോധവാന്മാരാക്കുകയും, ഇനി മേലിൽ ഇതുപോലുള്ള ദുരാചാരങ്ങൾ നടത്താൻ പാടില്ലെന്നും ഗുരുദേവൻ ആജ്ഞാപിച്ചു. ഗുരുദേവന്റെ വാക്കുകൾ ജനം ശിരസാവഹിച്ചു. കെട്ടുകല്യാണം നിരോധിച്ച കരുംകുളത്തിന് സാമൂഹ്യ പ്രസക്തി ഏറെയുണ്ടായിട്ടും വികസനം മാത്രം അകലെയാണെന്നാണ് നാട്ടുകാർ പറയുന്നത്. കരുംകുളം എസ്.എൻ.ഡി.പി യോഗം ശാഖയുടെ നേതൃത്വത്തിൽ പ്രദേശത്ത് കെട്ടുകല്യാണ നിർമ്മാർജന ശതാബ്ദി സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി, ടൂറിസം മന്ത്രി തുടങ്ങിയവർക്ക് നിവേദനവും നൽകി.

കെട്ടുകല്യാണം നിരോധിച്ചതിന്റെ നൂറാം വാർഷികം ആഘോഷിച്ചതല്ലാതെ സ്മാരകം നിർമ്മിക്കുന്ന

കാര്യത്തിൽ നടപടിയുണ്ടായില്ല. കരുംകുളത്ത് സ്മാരകം സ്ഥാപിക്കണം.

അഡ്വ.എസ്.സുരേഷ് ബാബു, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ്

ശ്രീനാരായണഗുരു 1911 ൽ കരുംകുളത്തുവച്ച് കെട്ടുകല്യാണം നിരോധിച്ചു
തത്ത്വമസി, സുകൃതം, ശിവഗിരി ടൂറിസം സർക്യൂട്ട് തുടങ്ങിയ പദ്ധതികൾക്ക് സമാനമായ പിൽഗ്രിം പദ്ധതി പ്രദേശത്ത് സ്ഥാാപിക്കണമെന്നതാണ് ആവശ്യം.

കെട്ടുകല്യാണം അഥവാ താലികെട്ടു കല്യാണം

നായർ, ഈഴവർ, വാണിയർ, തീയർ തുടങ്ങിയ ഓരോ ജാതിയിലും വ്യത്യസ്തമായ രീതിയിലാണ് നടന്നിരുന്നത്. പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണരെക്കൊണ്ടോ സമുദായത്തിലെ തന്നെ പ്രമുഖരായവരെക്കൊണ്ടോ താലിക്കെട്ടിക്കുന്നതാണ് നായർ വിഭാഗങ്ങൾക്കിടയിൽ നടന്നിരുന്നത്. മറ്റ് വിഭാഗക്കാർ പെൺകുട്ടിയുടെ അമ്മയോ അല്ലെങ്കിൽ ഒരു ബൊമ്മയോ സങ്കൽപ്പിച്ച് താലികെട്ടും. പെൺകുട്ടികൾ ബാല്യത്തിൽ നിന്നും യൗവനത്തിലേക്ക് കടന്നു എന്നതിന്റെ പ്രഖ്യാപനം മാത്രമായിരുന്നു ഇത്. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഒരുക്കങ്ങൾ വേണ്ടതും ചെലവ് ഏറെ ആവശ്യമായതുമാണിത്. യഥാർത്ഥ കല്യാണം പുടമുറി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.