തില്ലങ്കേരി: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തിരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ 7ന് പോളിംഗ് ആരംഭിച്ചു. തുടക്കത്തിൽ മന്ദഗതിയിലാണ് വോട്ടെടുപ്പ്. ഇതു വരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. വിവിധ പഞ്ചായത്തുകളിലെ 42 വാർഡുകളാണ് ഡിവിഷനിൽ ഉള്ളത്. ഇവിടെ 300 പൊലീസുകാർ തിരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടാവും.
തോക്ക്, ഗ്രനേഡ്, ടിയർ ഗ്യാസ് എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി 19 ഗ്രൂപ്പ് പട്രോളിംഗ് യൂണിറ്റുകളും 8 വീതം ക്രമസമാധാന പാലന മൊബൈൽ യൂണിറ്റുകളും ബൈക്ക് പട്രോളിംഗ് യൂണിറ്റുകളും ഡിവൈ.എസ്.പിയുടെയും 4 സി.ഐമാരുടെയും സ്‌ട്രൈക്കിംഗ് ഫോഴ്സുകളും 24 മണിക്കൂറും റോന്ത് ചുറ്റുന്നുണ്ട്.
ഇന്നലെ മുതൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ പൊലീസ് നിയന്ത്രണത്തിലാക്കിയതായി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ അറിയിച്ചു. ഹൈക്കോടതി ഇടപെടൽ കൂടെ ഉള്ളതിനാൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസും ജില്ലാ ഭരണകൂടവും ഏർപ്പെടുത്തിയിരിക്കുന്നത്.
ഒരു മേശയും 2 കസേരയും മാത്രം അനുവദിച്ചിട്ടുള്ള സ്ലിപ് വിതരണ ബൂത്തുകൾ മാത്രമാണ് സമ്മതിക്കുക. ചിഹ്നങ്ങളും മറ്റും മറ്റോ പ്രദർശിപ്പിക്കുന്നതും തടഞ്ഞിട്ടുണ്ട്. 200 മീറ്റർ ദൂരപരിധിയും നിഷ്‌കർഷിച്ചിട്ടുണ്ട്. പരിധിക്കുള്ളിൽ പോളിംഗ് ജീവനക്കാരും പൊലീസും, ക്യൂവിലുള്ള വോട്ടർമാരും, അനുവദിക്കപ്പെട്ട ബൂത്ത് ഏജന്റുമാരും, സ്ഥാനാർഥികളും പൊലീസും മാത്രമെ പാടുള്ളൂ. പോളിംഗ് ബൂത്തിനടുത്തുള്ള വീടുകളിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വോട്ടർമാർ കേന്ദ്രീകരിക്കാൻ പാടില്ല. ഇത്തരം കേന്ദ്രീകരണം കണ്ടാൽ ഗൃഹനാഥനെതിരെ പൊലീസ് നടപടി സ്വീകരിക്കും. ഉപതിരഞ്ഞെടുപ്പ് ആയതിനാൽ മറ്റിടങ്ങളിൽ നിന്ന് അക്രമികൾ എത്താൻ സാദ്ധ്യത ഉണ്ടെന്ന പരാതിയും ഗൗരവത്തോടെ കാണും.
64 ബൂത്തുകളാണ് തില്ലങ്കേരി ഡിവിഷനിൽ ഉള്ളത്. ഇതിൽ 6 എണ്ണം മാവോയിസ്റ്റ് ഭീഷണി ബൂത്തുകളും ബാക്കി 58 എണ്ണം പ്രശ്ന സാദ്ധ്യതാ ബൂത്തുകളും ആണെന്ന് നിഗമനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമം അഴിച്ചു വിടുമെന്ന് കണ്ടാൽ മുൻകരുതൽ അറസ്റ്റ് നടത്തും. കണ്ണൂർ റൂറൽ എസ്.പി. ഡോ. നവനീത് ശർമ, ഇരിട്ടി ഡിവൈ.എസ്.പി എന്നിവർ നേതൃത്വം നൽകും. ഹൈക്കോടതി നിർദേശിച്ചിട്ടുള്ള വീഡിയോ ക്യാമറ നിരീക്ഷണവും നടത്തും. ഇടവഴികളിൽ അടക്കം നിരീക്ഷണം നടത്താനാണ് ബൈക്ക് പ്രട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുള്ളത്. അക്രമം കണ്ടാൽ സ്ഥലത്തുള്ള പൊലീസുകാർക്ക് മൊബൈൽ ഉപയോഗിച്ച് ദൃശ്യം പകർത്തി മേലുദ്യോഗസ്ഥർക്ക് കൈമാറാനും നിർദ്ദേശം ഉണ്ട്. അടിയന്തിര ഘട്ടത്തിൽ വെടിവെക്കാനുള്ള ഉത്തരവ് നൽകാൻ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ഉണ്ടാവും. തിരഞ്ഞെടുപ്പ് ദിവസം 200 മീറ്റർ പരിധിയിൽ കടകളും മറ്റു പ്രത്യേക സംവിധാനങ്ങളും അനുവദിച്ചിട്ടില്ല. അക്രമം രൂക്ഷമായാൽ ആ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് നിർത്തി കൂടുതൽ സുരക്ഷയോടെ മറ്റൊരു ദിവസം നടത്താൻ ആവശ്യപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർക്ക് പൊലീസ് കത്തു നൽകും.
കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പാലിക്കണം. കൊവിഡ് രോഗികൾ വൈകിട്ട് 5 നും 6 നും ഇടയിൽ പോളിംഗ് ബൂത്തിൽ റിപ്പോർട്ട് ചെയ്യണം. 6ന് ജനറൽ വിഭാഗം വോട്ടിംഗ് കഴിഞ്ഞ ശേഷം റിപ്പോർട്ട് ചെയ്യാനെത്തിയ മുൻഗണന അനുസരിച്ച് ഇവരെ വോട്ടു ചെയ്യാൻ സമ്മതിക്കും. ചതിരൂർ അംഗൻവാടി, പരിപ്പു തോട് നവജീവൻ മാതൃകാ ഗ്രാമം, ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂൾ, പാലക്കുന്ന് അങ്കണവാടി, എടപ്പുഴ സെന്റ് ജോസഫ്സ് എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിലായുള്ള 6 ബൂത്തുകളാണ് മാവോയിസ്റ്റ് ഭീഷണയിലുള്ളത്. ഇവിടങ്ങളിൽ എ.എൻ.എഫ് കമാൻഡോകളുടെ സുരക്ഷയും ഒരുക്കും.