ksrtc

ആ നൂറു കോടിയുടെ ക്രമക്കേട് എന്തായി സാർ?​

'ഏത് നൂറ്?'

​ 'അല്ല,​ കെ.എസ്.ആർ.ടി.സി എം.ഡി വാർത്താസമ്മേളനം നടത്തി പറഞ്ഞ 100 കോടി രൂപുടെ ക്രമക്കേട്'. അത് കണ്ടെത്തിയോ?​'

'ഇല്ല'.

അപ്പോൾ വിജിലൻസ് അന്വേഷണം തുടങ്ങിയോ?​

ഇല്ല,​ അതിനൊക്കെ ചില നടപടിക്രമങ്ങൾ കൂടി ബാക്കിയുണ്ട്'

അപ്പോൾ ഒരു ഉദ്യോഗസ്ഥനെ ഇതിന്റെ പേരിൽ കുറ്റക്കാരനെന്ന രീതിയിൽ പ്രചരിപ്പിച്ചതോ?​

'അയാളിൽ നിന്നും വിശദീകരണം ചോദിച്ചിട്ടുണ്ട്'.

ചുരുക്കത്തിൽ നൂറുകോടി ക്രമക്കേട് അന്വേഷിച്ചുവരുമ്പോൾ അത് ഉള്ളി പൊളിച്ചെടുക്കുന്നതുപോലെ ആകുമോ എന്നാണ് സന്ദേഹം. ക്രമക്കേട് നടന്നില്ല എന്നല്ല,​ സത്യസന്ധമായി അന്വേഷണം നടത്തിയാൽ യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടു വരേണ്ടി വരും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന ക്രമക്കേടാണ്. എന്നിട്ടും അന്വേഷണത്തിന് ഒരു ശുഷ്കാന്തിയുമില്ല. ഇനിയിപ്പോൾ തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. അടുത്ത സർക്കാർ ആര് രൂപീകരിക്കുമെന്ന് പറയാനും കഴിയില്ല. അപ്പോൾ പിന്നെ അന്വേഷണമൊക്കെ മെല്ലെ പോയാൽ പോരേ?​ എന്നാണ് കെ.എസ്.ആർ.ടി.സിയുടെ തലപ്പത്ത് പൊട്ടിമുളയ്ക്കുന്ന ചില ചോദ്യങ്ങൾ.

ഈ ആരോപണം കൊണ്ട് ഇത്രയും നാൾ കെ.എസ്.ആർ.ടി.സിയെ സേവിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ബലിയാടായി. അക്കൗണ്ടിംഗ് വിഭാഗത്തിന്റെ മേധാവിയായിരിക്കുകയും സി.എം.ഡി ബിജു പ്രഭാകർ വാർത്താസമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പു വരെ പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗത്തിന്റെ ചുമതല വഹിക്കുകയും ചെയ്തിരുന്ന എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറാണ് പൊതുജനത്തിന്റെ മുന്നിൽ ഇപ്പോൾ കുറ്റക്കാരൻ. അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ സെൻട്രൽ സോണിലേക്ക് സ്ഥലം മാറ്റിയിരിക്കുകാണ്.

ശ്രീകുമാർ എങ്ങനെ ആരോപണ വിധേയനായി?​

2012-15 കാലഘട്ടത്തിൽ ശ്രീകുമാറിനായിരുന്നു അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതല. കെ.എസ്.ആർ.ടി.സിക്ക് നൽകിയ വായ്പയിൽ 350 കോടി രൂപ തിരിച്ചടച്ചിട്ടില്ലെന്ന് ഏറെക്കാലമായി കെ.ടി.ഡി.എഫ്.സി പരാതിപ്പെടുന്നുണ്ട്. ഇതേത്തുടർന്ന് ഭരണസമിതി അംഗമായ അഡി. സെക്രട്ടറി എസ്. അനിൽകുമാർ നടത്തിയ അന്വേഷണത്തിലാണ് 100 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. ശ്രീകുമാറിനെ കൂടാതെ ഒരു വനിത ഉൾപ്പെടെ മൂന്നു ജീവനക്കാർക്കു കൂടി ക്രമക്കേടിൽ പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവർ മൂന്നു പേരും വിരമിച്ചവരാണ്.

ഈ കാലഘട്ടത്തിൽ കോർപ്പറേഷന് ഒരു എം.ഡി ഉണ്ടായിരുന്നു. അന്നത്തെ വകുപ്പുമന്ത്രി പ്രത്യേക താത്‌പര്യമെടുത്ത് അവരോധിച്ച എം.ഡി. സ്ഥാപനത്തിൽ നടന്ന ക്രയവിക്രയത്തിന്റെ കണക്ക് അദ്ദേഹത്തിന് അറിയില്ലേ?​ പിന്നെ,​ ആ എം.ഡി മുൻകൈയെടുത്ത് മറ്റൊരു സ്ഥാപനത്തിൽ നിന്നും ഒരു ഉദ്യോഗസ്ഥനെ കെ.എസ്.ആർ.ടി.സിയിലേക്ക് ക്ഷണിച്ച് കൊണ്ടുവന്ന് ഉന്നതസ്ഥാനം നൽകിയിരുന്നു. അന്ന് ആൾ ഇൻ ആൾ ആയിരുന്നു ഈ രണ്ടാമൻ. ക്രമക്കേടിൽ ഇവർക്ക് പങ്കില്ലേ?​- ഈ രണ്ട് ചോദ്യത്തിനും ഉത്തരം തേടിപ്പോയാലെ ശരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയൂ. കൂട്ടത്തിൽ ഒന്നുകൂടി അന്വേഷിക്കണം. സംസ്ഥാന ഭരണം മാറിയപ്പോൾ കോർപറേഷൻ ഭരണത്തിലും മാറ്റം വരുമെന്ന് അറിഞ്ഞ് അക്കൗണ്ടിംഗ് രേഖകൾ ഉൾപ്പെടെ ചീഫ് ഓഫീസിൽ നിന്നും കടത്തിയതായി നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. ആ ഫയലൊക്കെ കണ്ടുപിടിക്കണം. അതിനു പറ്റുമോ?​- കണ്ടറിയണം.

നടക്കാത്ത കമ്പ്യൂട്ടർവത്കരണം

ഒരു അക്കൗണ്ടിംഗ് സോഫ്ട്‌വെയറും ഇല്ലാതെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഇപ്പോഴും പ്രവർത്തിക്കുന്നത്. സ്ഥാപനം കമ്പ്യൂട്ടർവത്കരിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഈ ഇനത്തിൽ സർക്കാരിൽ നിന്നും ഇതുവരെ 15 കോടി രൂപയിലധികം കൈപ്പറ്റുകയും ചെയ്തു.

കണ്ടക്ടർമാരായി ജോലിക്കു പ്രവേശിച്ചവരുൾപ്പെടെയുള്ളവരാണ് കമ്പ്യൂട്ടർ സെല്ലിൽ ജോലി ചെയ്യുന്നത്. ഇവിടെത്തെ കാര്യങ്ങളൊക്കെ പക്കാ കമ്പ്യൂട്ടർവത്‌കരിച്ച് സോഫ്ട്‌വെയറൊക്കെ സജ്ജമാക്കാൻ വിദഗ്ധരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ ശ്രമിച്ചാലോ അതിനായി കരാർ നൽകിയാലോ അപ്പോൾ ഉയരും അഴിമതി ആരോപണം. അങ്ങനെ ആരെങ്കിലും കോർപറേഷനിൽ എത്തിയാൽ ഒന്ന്- അക്കൗണ്ടൊക്കെ ക്രമപ്പെടും. തട്ടിപ്പ് നടത്താനാവില്ല. രണ്ട്- അദർ ഡ്യൂട്ടിക്കാരൊക്കെ സീറ്റ് വിട്ട് പുറത്തു പോയി അവരുടെ ജോലി ചെയ്യേണ്ടിവരും. തൊഴിലാളി സംഘടനകൾക്ക് വേണ്ടപ്പെട്ടവരാണ് ചീഫ് ഓഫീസിൽ ഇങ്ങനെ കയറിക്കൂടിയിരിക്കുന്നവരിൽ അധികവും. നേതാക്കൾ ഇടപെടില്ലേ?​ എം.ഡിയെ വിരട്ടാൻ വലിയ നേതാക്കൾ വരില്ലേ?​ രണ്ടും ഉണ്ടാകും.

കണ്ടാൽ മിണ്ടാത്ത എക്സിക്യൂട്ടീവ് ഡയറക്ടർമാർ

ഒരു സ്ഥാപനത്തിന്റെ ഉയർച്ച അവിടത്തെ ജീവനക്കാരുടെ ഒത്തൊരുമയാണ്. ഇവിടെ സമരം നടത്താൻ മാത്രമാണ് ഒത്തൊരുമയുള്ളത്. ചീഫ് ഓഫീസ് ഭരിക്കുന്ന എക്സിക്യൂട്ടീവ് ഓഫീസർമാർ പരസ്പരം കണ്ടാൽ ചിരിക്കുക പോലും ഇല്ല. അവരൊക്കെ സ്വന്തമായി ഉപജാപക സംഘങ്ങളെയുണ്ടാക്കി കൊച്ചു നാട്ടുരാജാവിന്റെ ഭാവത്തിലാണ് കഴിയുന്നത്. ഇങ്ങനെയുള്ളവരെ വച്ച് കോർപറേഷനെ മുന്നോട്ടുകൊണ്ടു പോകാൻ കഴിയില്ലെന്ന് സി.എം.ഡി തന്നെ പറയുന്നു.

നൂറുകോടിയുടെ കണക്ക് സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയിൽ ഫയൽ ഇല്ലാതെ പോയതിനു പിന്നിലും ഏതെങ്കിലും പാരകൾ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് ജീവനക്കാർക്കിപ്പോൾ സംശയമുണ്ട്. കെ.ടി.ഡി.എഫ്.സിയിൽ നിന്നും പല കാലങ്ങളായി ലോൺ എടുത്തിട്ടുണ്ട്. 14 ശതമാനം വരെ പലിശയ്ക്കാണ് ലോണെടുക്കുന്നത്. ഇന്ന് ശമ്പളം കൊടുക്കണമെങ്കിൽ രാവിലെ പോയി ഒരു അപേക്ഷ കൊടുക്കും. ഉച്ചയാകുമ്പോൾ പണം അവിടെ നിന്നും ഇങ്ങോട്ടു വരും. അപ്പോൾ തന്നെ ശമ്പളം നൽകേണ്ട അക്കൗണ്ടുകളിലേക്ക് പണം പോകും.

ഇങ്ങനെ വിവിധ അക്കൗണ്ടുകളിലേക്ക് പോകുന്ന കൂട്ടത്തിൽ റിക്കവറിയായി വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് നൽകേണ്ട പണം കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ കിടക്കും. അത് താത്‌പര്യക്കാർക്ക് വകമാറ്റും. ടയറിന്റെ കുടിശികയാകാം കോൺട്രാക്ടർമാർക്ക് നൽകാനുള്ള പണമാകാം. ഇതൊക്കെ കണക്കെഴുതി വരുമ്പോൾ അങ്ങുമിങ്ങും എത്തില്ല.

2010 മുതൽ 2018 വരെയാണ് ക്രമക്കേട് നടന്നത്. 400 കോടി രൂപ വരെയായി വളർന്ന ഈ ബാദ്ധ്യത ഇപ്പോഴാണ് തീർത്തു തുടങ്ങിയത്.

(തുടരും)​