തിരുവനന്തപുരം : വേളയിലെ ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ഫാക്ടറി തുറക്കാൻ അധികൃതർ വഴങ്ങുന്നില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് നിരവധി തവണ അധികൃതരുമായി മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി. നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് കമ്പനി എന്നെന്നേക്കും അടച്ചുപൂട്ടി രക്ഷപ്പെടാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്. കമ്പനി തുറക്കുന്നതിന് ആവശ്യമായ സമ്മർദ്ദം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കമ്പനി അടച്ചുപൂട്ടിയതിന് പിന്നാലെ ഒരു ജീവനക്കാരൻ ആത്മഹത്യചെയ്തതും മറ്റൊരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതും ചൂണ്ടിക്കാട്ടി വി.എസ്. ശിവകുമാർ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.