തിരുവനന്തപുരം: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എയിൽ പോരാളികളായിരുന്ന ഭടന്മാർ കേരളത്തിൽ ചരിത്രത്തിലേക്ക് മാഞ്ഞു തുടങ്ങി. ഐ.എൻ.എയിൽ പ്രവർത്തിച്ച നൂറുകണക്കിനാളുകൾ കേരളത്തിൽ ഒരിക്കൽ സജീവമായിരുന്നു. എന്നാൽ സേനയിൽ ഇപ്പോഴുള്ളത് ചുരുക്കം പേർ.
ഭൂരിഭാഗം പേരും മൺമറഞ്ഞു. ഐ.എൻ.എയുടെ കേരളത്തിലെ ആസ്ഥാനമായിരുന്ന കടയ്ക്കാവൂരിൽ ജീവിച്ചിരിക്കുന്നത് 21 പേർ. എല്ലാവരും 90 കടന്നവർ. മറ്റുള്ള ജില്ലകളിൽ തെന്നിയും തെറിച്ചും വിരലിലെണ്ണാവുന്നവർ. പലരും രോഗശയ്യയിലുമാണ്. അംഗബലം പോയതോടെ സംഘടനയും പേരിൽമാത്രമായി.കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് എതിരെയുണ്ടായിരുന്ന ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ ഒഫ് കേരളയുടെ ആസ്ഥാന ഓഫീസ് പൂട്ടിയിട്ട് വർഷങ്ങളായി. സംഘടന പ്രവർത്തന രഹിതമായതോടെ സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികാഘോഷങ്ങളും മുടങ്ങി.
വക്കം ലീലാസദനത്തിൽ പ്രസന്നൻ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമരസേനാനിയാണ്. സംഘടന ശക്തമായിരുന്നപ്പോൾ സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. ചെറുന്നിയൂർ വിളയിൽ വീട്ടിൽ ഗോപി പോയകാല ആഘോഷത്തിന്റെ ഓർമ്മ നിറയ്ക്കുന്ന മറ്റൊരു സേനാനിയാണ്.
അസോസിയേഷന് രൂപം കൊടുത്തത് ലഫ്. കേണൽ ശിവദാസനായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ പ്രസിഡന്റായിരുന്ന അദ്ദേഹം വിടവാങ്ങിയതോടെ സംഘടനയുടെ പ്രവർത്തനവും നിലച്ചു. ഐ.എൻ.എക്കാർ ഏറ്റവും കൂടുതലുണ്ടായിരുന്നത് കടയ്ക്കാവൂരായിരുന്നു. വക്കം, അഞ്ചുതെങ്ങ്, വർക്കല, പരവൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരുകാലത്ത് ഐ.എൻ.എക്കാരുടെ കേന്ദ്രമായിരുന്നു. ഇവരെല്ലാം സിംഗപൂരിൽ നിന്ന് വന്നവർ.
സുഭാഷ് ചന്ദ്രബോസിനെ നേരിട്ടറിഞ്ഞ് സ്വയം സേനയിൽ ചേർന്നവരും. ഐ.എൻ.എ എന്നായിരുന്നു പലർക്കും ചുരുക്കപ്പേര്. അത് അഭിമാനമായി കണ്ടവർ. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിന് പ്രാദേശികതലത്തിൽ യൂണിഫോമിൽ പരേഡ് നടത്തി ഐ.എൻ.എയുടെ മഹത്വം തെളയിച്ചവർ. എല്ലാവരും കോൺഗ്രസുകാർ. ചിലർ സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഫോർവേഡ് ബ്ളോക്കിൽ അംഗമായിരുന്നവർ.സംസ്ഥാന സർക്കാർ ഐ.എൻ.എക്കാർക്ക് 13,200 രൂപ പ്രതിമാസം പെൻഷൻ നൽകുന്നു. പെൻഷൻ വാങ്ങിയിരുന്നവരിൽ ബഹുഭൂരിപക്ഷവും മൺമറഞ്ഞതോടെ ആശ്രിതരാണ് പെൻഷൻ വാങ്ങുന്നത്.
ആശ്രിതരും മരിച്ചതോടെ പെൻഷൻ തന്നെ നിലച്ച കുടുംബങ്ങളുമുണ്ട്. ചിലർക്ക് കേന്ദ്ര സർക്കാർ പെൻഷനുമുണ്ടായിരുന്നു. സംസ്ഥാന പെൻഷന്റെ ഇരട്ടിയായിരുന്നു കേന്ദ്ര പെൻഷൻ. അംഗവൈകല്യമുള്ളവരും അവിവാഹിതരായ പെൺമക്കളും ആശ്രിതപെൻഷൻ വാങ്ങുന്നവരിൽപ്പെടുന്നു.
അവരെല്ലാം സുഭാഷ് ചന്ദ്രബോസിനെ നെഞ്ചിലേറ്റി നടക്കുന്നവരാണ്. ആ ദീപ്ത സ്മരണകളാണ് അവർക്ക് ജീവിതമാകുന്നത്.