സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടത്താനുള്ള ഒരുക്കത്തിലാണ് ഇലക്‌ഷൻ കമ്മിഷൻ. കേരളത്തോടൊപ്പം തമിഴ്‌നാട്, ബംഗാൾ, അസം എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ മുൻപ് ഒരിക്കലുമുണ്ടാകാത്ത സുരക്ഷാ ഏർപ്പാടുകൾക്കു നടുവിൽ വേണം വോട്ടെടുപ്പു നടത്തേണ്ടതെന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെയും ദൗത്യം അതീവ ശ്രമകരമാവും. കൊവിഡ് കാലത്തും ബീഹാറിലും മറ്റും നിയമസഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പുകളും വിജയകരമായി നടത്താൻ സാധിച്ചുവെന്നത് എടുത്തു പറയേണ്ടതാണ്. ഇവയിൽ നിന്നുള്ള അനുഭവ പാഠങ്ങൾ കമ്മിഷന് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ഏറെ സഹായകമാകും.
സംസ്ഥാനം അതിവേഗം തിരഞ്ഞെടുപ്പു ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണയം തുടങ്ങിയ വിഷയങ്ങളിൽ എല്ലാ കക്ഷികളും പ്രാഥമിക ചർച്ചകളിലാണിപ്പോൾ. 140 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. രണ്ടുകോടി അറുപത്തിമൂന്നു ലക്ഷത്തിൽപ്പരം വോട്ടർമാരാണ് പട്ടികയിലുള്ളത്. 2021 ജനുവരി 21ന് 18 വയസ് പൂർത്തിയായവർക്കെല്ലാം ഇനിയും പട്ടികയിൽ പേരു ചേർക്കാവുന്നതാണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് പത്തുദിവസം മുൻപു വരെ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരിക്കും. വോട്ടവകാശം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമായതിനാൽ ഇനിയും പേരുചേർത്തിട്ടില്ലാത്തവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. പട്ടികയിൽ പേരുചേർത്താൽ മാത്രം പോരാ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന കാര്യത്തിൽ പ്രതിബദ്ധതയും കാണിക്കണം. ജനാധിപത്യം അർത്ഥപൂർണമാകുന്നത് പരമാവധി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോഴാണ്.
ഏപ്രിൽ പകുതിയോടെയാകും കേരളത്തിൽ വോട്ടെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സൂചന നൽകിയിട്ടുണ്ട്. ഏപ്രിൽ എന്തുകൊണ്ടും തിരഞ്ഞെടുപ്പിനു പറ്റിയ സമയമാണ്. പത്തും പന്ത്രണ്ടും ക്ളാസുകളിലെ പരീക്ഷകൾ ഏപ്രിൽ 15-നു മുൻപ് അവസാനിക്കും. കൊവിഡ് പശ്ചാത്തലത്തിൽ പതിവുപോലുള്ള ഉത്സവങ്ങൾക്കും നിയന്ത്രണങ്ങളുണ്ടാകും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 15-നും 30നുമിടയ്ക്ക് പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
സംസ്ഥാനത്ത് വോട്ടെടുപ്പിനുള്ള തീയതി വിവിധ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം ഇലക്‌ഷൻ കമ്മിഷനാണ് നിശ്ചയിക്കേണ്ടത്. രാഷ്ട്രീയ കക്ഷികളുടെയും സംസ്ഥാന സർക്കാരിന്റെയും അഭിപ്രായം ആരാഞ്ഞ ശേഷമേ അത് ഉണ്ടാവുകയുള്ളൂ. ചർച്ചകൾക്കായി ഡൽഹിയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഫെബ്രുവരി ആദ്യം സംസ്ഥാനത്തെത്തുമെന്നാണു വിവരം ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ കുറച്ചുകാലമായി സംസ്ഥാനത്ത് ഒന്നിലേറെ ഘട്ടം കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാറുള്ളത്. ഇത്തവണയും ആ രീതി പിന്തുടരുമോ എന്നു നിശ്ചയമില്ല. എന്നാൽ ഒറ്റ ദിവസം കൊണ്ട് വോട്ടെടുപ്പ് പൂർത്തിയാക്കുന്നതായിരിക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ അഭികാമ്യമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. കൊവിഡ് കണക്കിലെടുത്ത് വോട്ടെടുപ്പ് രണ്ടുദിവസമായി നടത്തുന്നതിനോടാണ് സംസ്ഥാന ഇലക്‌ഷൻ കമ്മിഷനു താത്‌പര്യമെന്നു സൂചനയുണ്ട്. കൊവിഡും വോട്ടെടുപ്പും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ഒരു ഘട്ടമായാലും രണ്ടു ഘട്ടമായാലും വോട്ടർമാരെ സംബന്ധിച്ച് പ്രശ്നമൊന്നുമില്ല. ഒരാൾക്ക് ഒറ്റത്തവണയല്ലേ പോളിംഗ് ബൂത്തിൽ പോകേണ്ടതുള്ളൂ. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ ഒറ്റ ഘട്ട വോട്ടെടുപ്പിന് ഏറെ ഗുണങ്ങളുമുണ്ട്. മറ്റിടങ്ങളിലെപ്പോലെ വലിയ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാത്ത നാടാണിത്. വൻതോതിലുള്ള സേനാവിന്യാസത്തിന്റെ ആവശ്യം സാധാരണഗതിയിൽ ഉണ്ടാകാറില്ല. ഒറ്റ ഘട്ട പോളിംഗിനാവശ്യമായ എല്ലാവിധ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനും കഴിയും. ആ നിലയ്ക്ക് വോട്ടെടുപ്പ് ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കുന്നത് സർക്കാരിനും രാഷ്ട്രീയ കക്ഷികൾക്കും ജനങ്ങൾക്കും ഒരുപോലെ ആശ്വാസകരമാകും. വോട്ടിംഗ് യന്ത്രങ്ങൾക്കു ക്ഷാമമില്ലാത്തതിനാൽ അതിന്റെ പേരിൽ വോട്ടെടുപ്പ് ഘട്ടം ഘട്ടമാക്കേണ്ടിവരില്ല. സേനാ വിന്യാസത്തിലും പ്രശ്നമുണ്ടാകാനിടയില്ല. ഇപ്പോഴത്തെ സൗകര്യങ്ങൾ പലതുമില്ലാതിരുന്ന കാലത്തും ഇവിടെ ഒറ്റദിവസം കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയിരുന്നത്. സൗകര്യങ്ങൾ വർദ്ധിച്ചപ്പോഴാണ് അത് പല ഘട്ടമായി നീണ്ടത്. വോട്ടെടുപ്പ് കഴിയുന്നതിന്റെ തൊട്ടടുത്ത ദിവസം ഫലപ്രഖ്യാപനവും നടന്നിരുന്നു. പരിഷ്കാരം കൂടിയതോടെ വോട്ടെടുപ്പ് കഴിഞ്ഞാൽ ഫലമറിയാൻ രണ്ടും മൂന്നും ആഴ്ച കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോൾ. ഈയിടെ നടന്ന ബീഹാർ നിയമസഭാ വോട്ടെടുപ്പ് പൂർത്തിയാക്കാൻ ഏഴ് ഘട്ടങ്ങളാണെടുത്തത്. വരുന്ന ബംഗാൾ തിരഞ്ഞെടുപ്പിനും നിരവധി ഘട്ടങ്ങൾ വേണ്ടിവരുമെന്ന് ഇലക്‌ഷൻ കമ്മിഷൻ സൂചിപ്പിച്ചിട്ടുണ്ട്. ക്രമസമാധാനമാണ് മുഖ്യ പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ അത്തരത്തിലൊരു സാഹചര്യം ഇല്ലാത്ത നിലയ്ക്ക് ഏകദിന വോട്ടെടുപ്പ് പരീക്ഷിക്കാവുന്നതാണ്. വലിയ ഇടവേള വരാത്തവിധം മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചാൽ ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പും കുറയ്ക്കാനാകും.