 നൽകിയ വായ്പകൾ ഉടൻ തിരിച്ചുപിടിക്കും

തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.ടി.ഡി.എഫ്.സി) പ്രവർത്തനം അവസാനിപ്പിച്ചാലും സർക്കാർ ഗ്യാരന്റിയുള്ളതിനാൽ നിക്ഷേപകർക്ക് പണം നഷ്ടപ്പെടില്ല. ഭീമമായ കടവും കെ.എസ്.ആർ.ടി.സിക്ക് നൽകിയ ധനസഹായം കിട്ടാക്കടമായതുംമൂലം കെ.ടി.ഡി.എഫ്.സി ഉടൻ അടച്ചുപൂട്ടാൻ നീക്കമുണ്ട്.

ജനുവരി നാലിന് ഗതാഗത വകുപ്പ് സെക്രട്ടറി കെ.ടി.ഡി.എഫ്.സിക്ക് അയച്ച കത്തിൽ വായ്പകൾ ഉടൻ തിരിച്ചുപിടിക്കാൻ നി‌ർദേശിച്ചിരുന്നു. കെ.എസ്.ആർ.ടിസി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതോടെ കെ.ടി.‌ഡി.എഫ്.സി അടച്ചുപൂട്ടുമെന്ന സൂചനയുമുണ്ട് കത്തിൽ. 1,394.87 കോടി രൂപയുടെ ബാദ്ധ്യതയാണ് കോർപ്പറേഷനുള്ളത്.

1,678.07 കോടി രൂപയാണ് ആസ്‌തി. 353.89 കോടി രൂപ മാത്രമേ നിക്ഷേപമായുള്ളൂ. കെ.എസ്.ആർ.ടിസിയിൽ നിന്ന് കോർപ്പറേഷന് കിട്ടാനുള്ള വകയിൽ 469 കോടി രൂപ സർക്കാർ നൽകിയേക്കും. നിക്ഷേപകർക്ക് 925 കോടി രൂപയാണ് കോർപ്പറേഷൻ നൽകാനുള്ളത്.

കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകലാണ് കോർപ്പറേഷന്റെ മുഖ്യപ്രവർത്തനം. കോഴിക്കോട്, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിൽ കെ.ടി.ഡി.എഫ്.സി വലിയ ബസ് സ്‌റ്റേഷനുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും നിർമ്മിച്ചിരുന്നു.