തിരുവനന്തപുരം: കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ ഉല്ലസിക്കാൻ ഒരുക്കുന്ന ചിൽഡ്രൻസ് പാർക്ക് നവീകരണം പുരോഗമിക്കുന്നു. കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തെ വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിലവിലെ പാർക്ക് നവീകരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പാർക്ക് നവീകരിക്കാത്തതിനെ തുടർന്ന് നശിച്ച് പോയിരുന്നു. നഗരഹൃദയത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിശ്രമിക്കാൻ നഗരസഭയുടെ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. 1.92 കോടി രൂപയുടെ പദ്ധതിയിൽ റോപ് ബ്രിഡ്‌ജ്, ലൈഫ് സൈസ് ഓപ്പൺ ചെസ്, റോളർ സ്‌കേറ്റിംഗ്, ഓപ്പൺ ജിം, എൽഡേഴ്സ് കോർണർ, ഫുഡ് കിയോസ്‌ക് തുടങ്ങിയ സംവിധാനങ്ങളുണ്ടാകും. പാർക്കിൽ കൂടുതൽ ഇരിപ്പിടങ്ങളും നിർമ്മിക്കും. പാർക്കിന്റെ പ്രവേശന കവാടം, നടപ്പാത, ചുറ്റുമതിൽ, കുളം എന്നിവ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നുണ്ട്. അഞ്ചുമാസത്തിനുള്ളിൽ പാർക്ക് തുറന്നുകൊടുക്കുമെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ അറിയിച്ചു.