bridge

കിളിമാനൂർ:പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഞ്ഞപ്പാറ, വണ്ടന്നൂർ, മഹാദേവേശ്വരം വാർഡുകളെ ബന്ധിപ്പിക്കുന്ന ചിറ്റിലഴികം നടപ്പാലത്തിന് നാല് പതിറ്റാണ്ട് പഴക്കമുണ്ട്. ചിറ്റാറിന് കുറുകെയുള്ള ഈ പാലം ഇപ്പോൾ അപകടാവസ്ഥയിൽ തുടരാൻ തുടങ്ങിയിട്ട് കാലങ്ങളായി. നിലവിൽ ഈ പാലത്തിനോട് ചേർന്നുള്ള കൽപ്പടവുകളും പാലത്തിന്റെ അടിവശവുമൊക്കെ സിമന്റ് ഇളകി കമ്പികൾ പുറത്ത് വന്ന അവസ്ഥയാണ്.

1979 - ൽ പാലം നിർമ്മിക്കുമ്പോൾ ഇതിന്റെ തൂണുകൾ സ്ഥാപിക്കാൻ 2 സെന്റ് സ്ഥലം സൗജന്യമായി നൽകിയത് ചിറ്റിലഴിയം ലിസി ഭവനിൽ ഗോപിനാഥൻ നായരായിരുന്നു. അക്കാലത്ത് വലിയ വിള, കോട്ടയ്ക്കൽ, കടുമാൻ കുഴി, വണ്ടന്നൂർ, ഈഞ്ചവിള എന്നീ പ്രദേശങ്ങളിലേക്ക് ചിറ്റാർ കടന്ന് പോകാനുള്ള ഏക മാർഗവും ഈ പാലമായിരുന്നു.

പാലം നിർമ്മിച്ച ശേഷം മൂന്ന് പ്രളയങ്ങൾ വന്നിട്ടും പാലത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. എന്നാൽ തമ്പുരാട്ടിപ്പാറ, തോപ്പിൽ മേഖലകളിൽ നിന്ന് റബർ തടി വ്യാപകമായി ഈ പാലത്തിലൂടെ ഉരുട്ടി കൊണ്ടുപോകുന്നതാണ് പാലത്തിനും, പാലത്തിന്റെ പടവുകൾക്കും കേട് പാടുകൾ വരാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പാലത്തിന് സമീപമുള്ള കുളിക്കടവും, റാമ്പും തകർച്ചയുടെ വക്കിലാണ്, ഈ പാലം സംരക്ഷിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.