തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ കലോത്സവവും കായികമേളയും അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ മുടങ്ങിയതോടെ, ഗ്രേസ് മാർക്കിനുള്ള അവസരം നഷ്ടമായ വിദ്യാർത്ഥികൾക്ക് മാർക്ക് നൽകാനുള്ള സാദ്ധ്യതകൾ വിദ്യാഭ്യാസ വകുപ്പ് ആരായുന്നു. ഇക്കാര്യത്തെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി. വൈകാതെ റിപ്പോർട്ട് നൽകും.
പത്താം ക്ലാസ് വിദ്യാർത്ഥികൾ എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുമ്പോൾ കലോത്സവം, കായികമേള എന്നിവയിൽ സമ്മാനം നേടിയിട്ടുണ്ടെങ്കിൽ ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് എസ്.സി.ഇ.ആർ.ടി പ്രാഥമിക ചർച്ച നടത്തിയിരുന്നു.
കലോത്സവങ്ങൾ നടത്താൻ സാധിക്കാതിരുന്നത് വിദ്യാർത്ഥികളുടെ പിഴവല്ലാത്തതിനാൽ ഗ്രേസ് മാർക്ക് ഒഴിവാക്കേണ്ടതില്ലെന്നും തൊട്ടുമുൻ വർഷങ്ങളിലെ പ്രകടനം വിലയിരുത്തി മാർക്ക് നൽകണമെന്നുമുള്ള നിർദേശമാണ് ചർച്ചയിൽ ഉയർന്നത്. അതേസമയം, പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഒന്നാം വർഷത്തിൽ സമ്മാനം നേടിയവർക്ക് പ്ലസ് വൺ പരീക്ഷയിലും രണ്ടാം വർഷത്തിൽ സമ്മാനം നേടിയവർക്ക് പ്ലസ് ടു പരീക്ഷയിലും ഗ്രേസ് മാർക്ക് നൽകുന്നതാണ് നിലവിലെ രീതി. ഇപ്പോഴുള്ള പ്ലസ് ടു വിദ്യാർത്ഥികൾക്ക് അവരുടെ പ്ലസ് വൺ കാലത്ത് തന്നെ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ളതിനാൽ വീണ്ടും പ്ലസ് ടുവിന് മാർക്ക് നൽകാൻ കഴിയില്ല.
എൻ.സി.സി, എൻ.എസ്.എസ് തുടങ്ങിയ വിഭാഗങ്ങളിൽ മിക്ക വിദ്യാർത്ഥികളും കൊവിഡ് അനുബന്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായത് പരിഗണിച്ച് മാർക്ക് നൽകാനാണ് സാദ്ധ്യത. ഗ്രേസ് മാർക്ക് സംബന്ധിച്ച് പരീക്ഷയ്ക്ക് മുൻപ് സർക്കാർ തീരുമാനമെടുക്കും. സ്‌കൂൾ കലോത്സവം, അറബിക് കലോത്സവം, സംസ്‌കൃതോത്സവം, ശാസ്ത്ര ഗണിത സാമൂഹിക പ്രവൃത്തിപരിചയ ഐ.ടി മേളകൾ, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ്, ദേശീയ, സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്, എൻ.സി.സി, എസ്.പി.സി, സർഗോത്സവം, കായിക മേളകൾ, ലിറ്റിൽ കൈറ്റ്‌സ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഗ്രേസ് മാർക്ക് നൽകുന്നത്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സിയിൽ 1,13,638 പേർക്കും ടി.എച്ച്.എസ്.എൽ.സിയിൽ 1241 പേർക്കും പ്ലസ് ടുവിന് 87,257 പേർക്കും ഗ്രേസ് മാർക്ക് നൽകിയിരുന്നു.