കിളിമാനൂർ: വിവിധ കാരണങ്ങൾ കൊണ്ട് അന്യം നിന്നുപോയ ആലകളുടെ പുനരുജ്ജീവനത്തിന് പ്രോജക്ട് ഒരുക്കി ജില്ലാ ബാലശാസ്ത്ര കോൺഗ്രസിൽ സമ്മാനം നേടി സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ് പേരൂർ എം.എം.യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രീനന്ദയും ആഭിയയും.
കാർഷികോപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും പ്രധാന നിർമ്മിതി കേന്ദ്രങ്ങളായിരുന്നു ആലകൾ. യന്ത്രവത്കരണങ്ങളുടെ കടന്നുവരവോടെ അപൂർവമായ ആലകളെ തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങുകയാണ് ഈ രണ്ട് കൊച്ചു മിടുക്കികൾ. നഗരൂർ, മടവൂർ, കിളിമാനൂർ പഞ്ചായത്തുകളിലെ ആലകൾ സന്ദർശിച്ച് ഇവർ നടത്തിയ പഠനം സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുത്തു. ജില്ലാ ബാലശാസ്ത്ര കോൺഗ്രസിൽ പുരസ്കാരവും ലഭിച്ചു. വിവിധ പഞ്ചായത്തുകളിലെ നാശോന്മുഖമായ 24 ആലകൾ സന്ദർശിച്ചും പ്രദേശത്തെ എൺപതോളം കർഷകരെ നേരിൽ കണ്ടുമാണ് കുട്ടികൾ പ്രോജക്ട് തയ്യാറാക്കിയത്. ആലകൾക്ക് ആവശ്യമായ മരക്കരിയുടെയും ചിരട്ടകളുടെയും ലഭ്യതക്കുറവ്, കൂലി കുറവ്, പരമ്പരാഗത ആലകളിലെ പൊടിയും പുകയും മൂലമുണ്ടാകുന്ന അലർജി പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഇവർ പഠനവിധേയമാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആലകൾക്കായി പ്രത്യേക പദ്ധതി രൂപീകരിച്ച് മിനിമം കൂലിയും തൊഴിലും ഉറപ്പുവരുത്തുക, ഉല നിർമ്മിക്കാനാവശ്യമായ സഹായധനം സബ്സിഡിയായി നൽകുക. തൊഴിലുറപ്പ് പദ്ധതിയിലെ പണിയായുധങ്ങൾ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആലകളുമായി ബന്ധിപ്പിക്കുക തുടങ്ങി നിരവധി നിർദേശങ്ങളാണ് ഇവരുടെ പ്രോജക്ടിലുള്ളത്. വിശദമായ പ്രൊജക്ട് റിപ്പോർട്ട് കുട്ടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളിക്ക് സമർപ്പിച്ചു. സ്കൂളിലെ അദ്ധ്യാപിക ദീപ റാണിയായിരുന്നു പ്രൊജക്ട് ഗൈഡ്.