കിളിമാനൂർ: രോഗബാധിതയായി ചികിത്സയിലുള്ള പെൺകുട്ടിക്ക് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംയുക്തമായി ബിരിയാണി ചലഞ്ചിലൂടെ സഹായധനം സ്വരൂപിച്ച് നൽകി. പുല്ലയിൽ ഗോകുലത്തിൽ പവനന്റെ മകൾ ദിവ്യക്കാണ് ചികിത്സാ സഹായം നൽകിയത്. സി.പി.എം പുല്ലയിൽ ബ്രാഞ്ച്, ഡി.വൈ.എഫ്.ഐ തോപ്പിൽമുക്ക് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിലൂടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് സമാഹരിച്ചത്. തുകയുടെ ചെക്ക് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി. മുരളി പവനന് കൈമാറി. ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ആദരിച്ചു. കെ. ശിവശങ്കരപിള്ള അദ്ധ്യക്ഷനായി. സി.പി.എം ജില്ലാകമ്മറ്റിയംഗം മടവൂർ അനിൽ, ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ, ടി.എൻ. വിജയൻ, എൻ. സലിൻ, ജെ. ജിനേഷ്, എ.ആർ. നിയാസ്, ഡി. ശ്രീജ, ബി. അനിൽകുമാർ, വി. രാജേഷ്, ജി.എസ്. അഖിൽ തുടങ്ങിയവർ സംസാരിച്ചു.