assembly

സ്തോഭജനകമായ പിരിമുറുക്കത്താൽ വലയം ചെയ്യപ്പെട്ടെന്ന് തോന്നിപ്പിച്ച്, രാവിലെ 10ന് ശൂന്യവേളയിലേക്ക് നിയമസഭ പ്രവേശിച്ചു. ചെയറിലിരുന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ' ഓർഡർ, ഓർഡർ...' കല്പിച്ചു.

സ്പീക്കറെ തൽസ്ഥാനത്ത് നിന്ന് നീക്കാനാവശ്യപ്പെട്ട് എം. ഉമ്മർ നൽകിയ നോട്ടീസ് പരിഗണനയ്ക്കെടുക്കുന്നു. ചോദ്യോത്തരവേള അവസാനിക്കുന്നതിന് കാൽമണിക്കൂർ ശേഷിക്കെ ചേംബറിലേക്ക് മടങ്ങിപ്പോയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, സ്മാർത്തവിചാരണയ്ക്കെന്നോണം സ്വയം പാകപ്പെടുത്തിയാവണം, 10.22 നേ സഭയിലെത്തിയുള്ളൂ.

പ്രമേയത്തിന് വ്യക്തതയോടും കൃത്യതയോടുമുള്ള കാരണം വിവരിച്ചിട്ടില്ലാത്തതിനാൽ ചട്ടവിരുദ്ധമാണെന്ന് എസ്. ശർമ്മയുടെ തടസവാദമുയരുമ്പോൾ സ്പീക്കറില്ലായിരുന്നു. എൻ.ഐ.എ സംശയിക്കുന്ന കുറ്റവാളികളുമായി 'സ്പീക്കർക്ക് സംശയകരമായ അടുപ്പ'മെന്നാണ് നോട്ടീസിൽ. എൻ.ഐ.എ ആരെ സംശയിക്കുന്നു? ഉമ്മറിന്റെ സംശയമാണോ, അതോ യു.ഡി.എഫിന്റെയോ ബി.ജെ.പിയുടെയോ സംശയമാണോ?- ശർമ്മയുടെ ചോദ്യങ്ങൾ നീണ്ടു.

കാര്യോപദേശക സമിതിയിലംഗമായ ശർമ്മ അവിടെയൊന്നും ഉന്നയിക്കാത്ത ചോദ്യങ്ങൾ ഇവിടെ ഉയർത്തുന്നത് സംശയാസ്പദമെന്ന് കെ.സി. ജോസഫ് തർക്കിച്ചു. തെളിവില്ലാത്ത പ്രമേയം പൊളിറ്റിക്കൽ ജംപിങ് ആണെന്ന് മന്ത്രി ജി. സുധാകരന്റെ മുന്നറിയിപ്പ്. അക്കരെ എത്തില്ല, കുഴിയിൽ വീഴും എന്നദ്ദേഹം ഉമ്മറിനെ ഓർമ്മിപ്പിച്ചു.

ശർമ്മയുടെ വാദം ന്യായയുക്തമെന്ന് വിധിയെഴുതിയ ഡെപ്യൂട്ടിസ്പീക്കർ, സ്പീക്കറെ നീക്കാനുള്ള പ്രമേയമായതിനാൽ സാങ്കേതികത്വത്തിലേക്ക് കടക്കാതെ അനുവദിച്ചതാണെന്നും വെളിപ്പെടുത്തി. കാര്യങ്ങൾക്കൊരു വ്യക്തതയായി, വിചാരണയിലേക്ക്... തർക്ക-വിതർക്കങ്ങൾ ഭരണ-പ്രതിപക്ഷങ്ങൾ കൊഴുപ്പിച്ചപ്പോൾ ചൂടും പുകയും പലവട്ടമുയർന്നു താഴ്ന്നു! പ്രമേയത്തെ പിന്തുണയ്ക്കാൻ ബി.ജെ.പിയംഗം ഒ. രാജഗോപാലുമെഴുന്നേറ്റപ്പോൾ ഭരണപക്ഷം ആക്ഷേപസ്വരമുയർത്തി.

പ്രമേയാവതാരകൻ, എം. ഉമ്മർ: അതീവഗുരുതരമാണ് ആക്ഷേപം. ഡോളർ കടത്ത്, സ്വർണക്കടത്ത് പ്രതികളുമായുള്ള ബന്ധമാണ് പ്രധാനം. ( ഡെപ്യൂട്ടിസ്പീക്കറുടെ ഇരിപ്പിടത്തിൽ സ്പീക്കറെത്തിയിരുന്നില്ല. കെ.സി. ജോസഫ് എഴുന്നേറ്റ്, ഉത്തരം പറയേണ്ടയാളെ കാണാനില്ലെന്ന് ക്രമപ്രശ്നമുയർത്തി. അദ്ദേഹം വരുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞ് തീരും മുമ്പ് സ്പീക്കർ നടന്നെത്തി പ്രതിപക്ഷനേതാവിന് തൊട്ടടുത്തുള്ള ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലിരുന്നു. പ്രതിപക്ഷനേതാവോ ചുറ്റുമുള്ളവരോ സ്പീക്കർക്ക് മുഖം കൊടുത്തതേയില്ല.)

ഉമ്മർ തുടർന്നു: സ്വപ്നസുരേഷുമായി കുടുംബപരമായി അടുപ്പമുണ്ടെന്ന് സ്പീക്കർ പറഞ്ഞത് സമ്മതിച്ച തെളിവാണ്. അത് വീണ്ടും തെളിയിക്കേണ്ടതില്ല. സഭയ്ക്ക് പുറത്ത് സ്പീക്കറെ അപമാനിക്കാനൊരു വാക്കും താനുച്ചരിച്ചിട്ടില്ല. ആരോപണങ്ങൾക്കെതിരെ അദ്ദേഹം നിയമനടപടിയെടുത്തിരുന്നെങ്കിൽ പ്രമേയമേ വരില്ലായിരുന്നു...

മന്ത്രി സുധാകരൻ കൊമ്പുകോർക്കാനെഴുന്നേറ്റു. തലയിൽ കേറേണ്ടെന്ന് ഉമ്മർ. ഭരണപക്ഷബഹളം.

എസ്. ശർമ്മ: ശൂന്യതയിൽ നിന്ന് വിഭൂതി സൃഷ്ടിക്കുന്ന ജാലവിദ്യക്കാരന്റെ അവസ്ഥയാണ് പ്രതിപക്ഷത്തിന്. നിയമസഭയെ സങ്കുചിത രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നത് ആശാസ്യമല്ല. കട ഉദ്ഘാടനം ചെയ്തതാണോ സ്പീക്കർ ചെയ്ത തെറ്റ്? പ്രതിപക്ഷനേതാവിന്റെ ഇഫ്താർ വിരുന്നിലും സ്വപ്നസുരേഷ് പങ്കെടുത്തില്ലേ?

(യു.എ.ഇ കോൺസുൽ ജനറലിനെ ക്ഷണിച്ചപ്പോൾ അവരും വന്നതാണെന്ന് ചെന്നിത്തല.)

പി.ടി. തോമസ്: പക്ഷപാതിത്വം, സ്വജനപക്ഷപാതം, ധൂർത്ത്, അനാവശ്യ ആർഭാടം, ഗുരുതരകുറ്റകൃത്യങ്ങൾ എന്നിവയിലൂടെ സ്പീക്കർപദവിയെ കളങ്കപ്പെടുത്തി.

മുല്ലക്കര രത്നാകരൻ: ഒരാൾ കോടതിയിൽ കൊടുത്തെന്ന് പറയുന്ന മൊഴിയെ വിശ്വസിച്ച് അവിശ്വാസം കൊണ്ടുവരുമ്പോൾ നമ്മൾ നമ്മിൽത്തന്നെ അവിശ്വാസം രേഖപ്പെടുത്തുകയാണ്.

മോൻസ് ജോസഫ്: സ്പീക്കർ വിവാദങ്ങൾക്കതീതനാകണം.

വീണ ജോർജ്: നാലരവർഷക്കാലം പ്രതിപക്ഷത്തെ ശക്തമായി നയിച്ച നേതാവിനെ മാറ്റി കോൺഗ്രസ് മറ്റൊരാളെ നിയോഗിച്ച ലാഘവത്തോടെയാണ് പ്രമേയം കൊണ്ടുവന്നത്.

അനൂപ് ജേക്കബ്: ഈ സഭയെ ആഡംബരത്തിന്റെ അവസാനവാക്കായി മാറ്റേണ്ടിയിരുന്നോ?

സി.കെ. നാണു: സ്പീക്കറോട് ഇങ്ങനെ പെരുമാറിയത് അന്യായം.

ജെയിംസ് മാത്യു: വിവരമില്ലാത്തവരും നാട് നന്നാവണമെന്നാഗ്രഹിക്കാത്തവരുമായ പ്രതിപക്ഷത്തിന് മാനസികാരോഗ്യ ചികിത്സ വേണം.

ഒ. രാജഗോപാൽ: സ്പീക്കർ സ്ഥാനത്തിരിക്കുന്നയാൾ കുറ്റാരോപിതനാകുന്നത് ഖേദകരം.

കോവൂർ കുഞ്ഞുമോൻ: ഇത് വേണ്ടായിരുന്നു എന്നിപ്പോൾ ഉമ്മറിന്റെ മനസ്സ് പറയുന്നുണ്ടാവും.

എം.കെ. മുനീർ: സംശയത്തിനതീതനാകേണ്ട സ്പീക്കർ സംശയനിഴലിലായി.

എം. സ്വരാജ്: ആയിരം കുറ്റവാളികൾ ചേർന്നൊരു നിരപരാധിയെ ക്രൂശിക്കുന്നു.

പ്രതിപക്ഷനേതാവ്: 400 വർഷം മുമ്പ് ചാൾസ് രാജകുമാരനാവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന സ്പീക്കർ വില്യം ലന്താളിന്റെ ധാർമ്മികബോധം ശ്രീരാമകൃഷ്ണന് ഉണ്ടാവേണ്ടിയിരുന്നു.

പ്രതിപക്ഷത്തിന്റെ പാപ്പരത്തം വ്യക്തമാക്കുന്ന പ്രമേയമെന്ന് മുഖ്യമന്ത്രിയുടെ തീർപ്പ്. പെരിന്തൽമണ്ണ ഹൈസ്കൂളിൽ പഠിക്കവേ ചെന്നിത്തല സിന്ദാബാദ് എന്ന മുദ്രാവാക്യംവിളി കേട്ട് ചെന്നിത്തലയെ കാണാൻപോയ കഥ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഓർത്തു. ആ ചെന്നിത്തലയിപ്പോഴും തീരെ വളർച്ചയില്ലാതെ നിൽക്കുന്നുവെന്ന് അദ്ദേഹത്തിന് തോന്നി. മിനുക്ക് വേഷവും കത്തിവേഷവും ഒരുപോലെ ആടാനറിയുന്ന കലാമണ്ഡലം രാമൻകുട്ടിനായരുടെ വൈഭവം എം.കെ.മുനീറിൽ അദ്ദേഹം കണ്ടു. പ്രമേയം കൊണ്ടുവന്ന ഉമ്മറിനെ സീറ്റ് നിഷേധിച്ച് ലീഗ് ശിക്ഷിച്ചെന്ന് ശ്രീരാമകൃഷ്ണൻ മനസിലാക്കി.

നുണകളാൽ കെട്ടിപ്പൊക്കിയതെന്ന് സ്പീക്കർ കരുതുന്ന പ്രമേയത്തിൽ നിന്ന് പിന്മാറാനദ്ദേഹം അഭ്യർത്ഥിച്ചു. ബധിരകർണങ്ങളിലാണത് പതിച്ചത്. സ്വയം മാറിനിൽക്കാമെന്ന് സ്പീക്കർ പറയുമെന്ന് പ്രതീക്ഷിച്ച പ്രതിപക്ഷനേതാവ് അതില്ലാത്തതിനാൽ ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചപ്പോൾ, സഭ ഭൂരിപക്ഷശബ്ദത്തിൽ അതങ്ങ് തള്ളി. സ്പീക്കർമാർക്കെതിരെ തള്ളപ്പെടുന്ന മൂന്നാമത്തെ പ്രമേയമായി അത് കേരളനിയമസഭാ ചരിത്രത്തിലേക്ക്.

അടിയന്തരപ്രമേയവും ശ്രദ്ധക്ഷണിക്കലുകളും ഉപക്ഷേപങ്ങളും മുറയ്ക്ക് നടന്നു. വോട്ട് ഓൺ അക്കൗണ്ടും പാസാക്കി സഭ പിരിയുമ്പോൾ നേരമിരുട്ടി.