തിരുവനന്തപുരം: കൃഷിയിടങ്ങളും ജലാശയങ്ങളും നശിപ്പിച്ചുകൊണ്ടോ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടോ ആവില്ല തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ നടപ്പാക്കുകയെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഗ്രീൻഫീൽഡ് പ്രദേശങ്ങളിൽ തൂണുകൾക്ക് മുകളിലൂടെയാണ് (88 കിലോമീറ്റർ) റെയിൽപാത കടന്നുപോവുക. 11 ജില്ലകളിലെയും ആരാധനാലയങ്ങളും കാവുകളും സംരക്ഷിക്കും. 9314 കെട്ടിടങ്ങൾ പൊളിക്കേണ്ടിവരുമെന്നും കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുമെന്നും മോൻസ് ജോസഫിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ഇറങ്ങിപ്പോയി.
പദ്ധതിക്ക് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചു. അന്തിമാനുമതിക്ക് കാത്തുനിന്നാൽ തുടർനടപടി വൈകുമെന്നതിനാലാണ് ഭൂമിയേറ്റെടുക്കൽ ആരംഭിക്കുന്നത്. തിരുവനന്തപുരം- ചെങ്ങന്നൂർ സബർബൻ പദ്ധതി ഉപേക്ഷിച്ചതല്ല, നടപ്പാക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതാണ്. പശ്ചാത്തലസൗകര്യം വർദ്ധിക്കുമ്പോൾ സാമ്പത്തികവളർച്ചയും തൊഴിലവസരവുമുണ്ടാവും. ഇതോടെ പദ്ധതിക്കായുള്ള കടം അതിജീവിക്കാനാവും. സെമി-ഹൈസ്പീഡ് റെയിലിന് 66000കോടിയാണ് ചെലവെങ്കിൽ ഹൈസ്പീഡിന് ഇരട്ടിയാവും. പാതയിരട്ടിപ്പിച്ചാൽ ട്രെയിനുകളുടെ വേഗം കൂട്ടാനാവില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രയാസം ലഘൂകരിക്കാൻ വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചാലേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് മന്ത്റി ജി.സുധാകരൻ പറഞ്ഞു. കേരളത്തിന് മാത്രമായി റെയിൽപദ്ധതി അപ്രായോഗികമാണെന്നും ചെലവ് 1.2ലക്ഷം കോടിയായി ഉയരുമെന്നും ഉപേക്ഷിക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
ലക്ഷ്യം കൺസൾട്ടൻസി
കമ്മിഷൻ: ചെന്നിത്തല
കേരളം വിറ്റാലും കടംവീട്ടാനാവില്ലെന്നും നടപ്പാക്കാനാകാത്ത പദ്ധതികൾക്ക് കൺസൾട്ടൻസി നൽകി കമ്മിഷൻ തട്ടുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ കരിമ്പട്ടികയിൽപെടുത്തിയ സിസ്ട്രയാണ് കൺസൾട്ടന്റ്. ശിവശങ്കറാണ് പദ്ധതി മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുത്തത്. കേന്ദ്രധനമന്ത്രാലയം പദ്ധതിരേഖ നിരാകരിക്കുകയും റെയിൽവേയും നീതിആയോഗും എതിർക്കുകയും ചെയ്തു. ചെലവ് 11.33 ലക്ഷം കോടിയാവുമെന്നാണ് നീതിആയോഗിന്റെ വിലയിരുത്തൽ. സർവകക്ഷിയോഗം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഫ്രാൻസിൽ മണിക്കൂറിൽ 500 കിലോമീറ്റർ വേഗത്തിൽ ട്രെയിനോടിക്കുന്നുണ്ടെന്നും സിസ്ട്രയുടെ സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ പറഞ്ഞു.