speaker

തിരുവനന്തപുരം: ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും,ഒരിഞ്ചും തല കുനിക്കില്ലെന്ന് മുട്ടുകാലിൽ ഉറച്ച് നട്ടെല്ല് നിവർത്തി നിന്ന് പറയാനാവുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷത്തെ എം.ഉമ്മറിന്റെ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു വഴിവിട്ട നീക്കവും ഒരു ശുപാർശയും എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഈ കൈകൾ പരിശുദ്ധമാണ്. 40 വർഷമായി പൊതുപ്രവർത്തനത്തിലുള്ള ഒരാളെന്ന നിലയിൽ, കാള

പെ​റ്റെന്ന്‌ കേട്ടപ്പോൾ കയറെടുത്ത് ചാടിയിറങ്ങുന്നതിന് മുമ്പ് എന്റെ വ്യക്തിത്വവും പൈതൃകവും അന്വേഷിക്കേണ്ടതായിരുന്നു. മലബാറിന്റെ മെക്കയായ പൊന്നാനിയിൽ മുസ്ലിംലീഗ് പിന്തുണയില്ലാതെ ജനങ്ങൾ എന്നെ അംഗീകരിക്കുന്നു. ഇതൊന്നും എന്റെ നേട്ടമല്ല. ഒരു നാടിനെ രൂപപ്പെടുത്തിയ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും നേട്ടമാണ്. പ്രതിപക്ഷവും മാദ്ധ്യമങ്ങളും ചെയ്യുന്നത് കാലം വിലയിരുത്തും. ഈ കള്ളങ്ങൾ ചരിത്രം ചവ​റ്റുകൊട്ടയിൽ തള്ളും. സ്​റ്റാർട്ടപ് സംരംഭമായ കാർബൺ ഡോക്ടറെന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കോൺസുലേ​റ്റ് ഫസ്​റ്റ് സെക്രട്ടറിയെന്ന നിലയിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ ക്ഷണം സ്വീകരിച്ചാണ് പോയത്. അതവരുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് ഒന്നും അറിയാതെയാണ്. ഇതേ കഥാപാത്രത്തെയല്ലേ പ്രതിപക്ഷനേതാവ് വീട്ടിൽ വിളിച്ചുവരുത്തി സൽക്കരിച്ചത്.

സ്പീക്കർക്കെതിരെ, കേട്ടുകേൾവികളുടെയും വില കുറഞ്ഞ അപവാദങ്ങളുടെയും പിൻബലത്തിലുള്ള പ്രമേയം രാജ്യത്താദ്യമാണ്. മാദ്ധ്യമങ്ങളിലെ വാർത്തകൾക്ക് പിന്നാലെ പോയി, കിണ്ണം കട്ടിട്ടുണ്ടോയെന്ന് ചോദിക്കാൻ താനില്ല. സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്ത പ്രതിപക്ഷം സ്പീക്കറെ അടിക്കുകയാണ്. നിയമനിർമ്മാണത്തിൽ ജനകീയ പങ്കാളിത്തത്തിന് തുടക്കമിട്ടതും നിയമസഭയ്ക്ക് ബദൽ മാദ്ധ്യമം കൊണ്ടുവന്നതും സഭയെ ഒ.ടി.ടി പ്ലാ​റ്റ്‌ഫോമിലാക്കിയതും 21 ഗ്രന്ഥങ്ങളിലൂടെ നിയമ നിർമ്മാണത്തിന്റെ ചരിത്രം പ്രസിദ്ധീകരിച്ചതുമെല്ലാം തെറ്റാണെങ്കിൽ അതേ​റ്റെടുക്കാം.

ഇ.എം.എസ് സ്മൃതിക്കായി കുട്ടികളുടെ ലൈബ്രറി പൊളിച്ചിട്ടില്ല. തനിക്ക് മികച്ച സ്പീക്കർക്കുള്ള അവാർഡ് നൽകിയ എം.ഐ.ടിക്ക് അഞ്ചു കോടിയുടെ കരാർ നൽകിയിട്ടില്ല. ഇക്കാര്യങ്ങൾ തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കാം. സ്പീക്കറുടെ പോക്കറ്റിൽ നിന്ന് തന്നിഷ്ടം പോലെ പണം നൽകിയതല്ല, എല്ലാ നടപടികളും പാലിച്ചു. മേൽനോട്ടത്തിന് ആറ് സമിതികളുമുണ്ടാക്കിയിരുന്നു. നിയമസഭാ ഹാളിന് എന്തിനാണ് ഇത്രയും ഉയരമെന്നും, 140 പേർക്കിരിക്കാൻ ഈ സൗകര്യം വേണോയെന്നും, ആനക്കുട്ടിക്ക് ഊഞ്ഞാലാടാനോയെന്നും ആരെങ്കിലും ചോദിച്ചാൽ എന്താണ് മറുപടിയെന്നും പി.ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.