apple-juice

തൈറോയ്ഡ് രോഗമുള്ളവർക്കുള്ള ഏക സമാധാനം മരുന്ന് മാത്രമാണെന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. എന്നാൽ കൃത്യനിഷ്ഠ, ജീവിതശൈലിയിലെ മാറ്റങ്ങൾ, പഥ്യമായ ഭക്ഷണം ഉപയോഗിച്ച് അപഥ്യമായവ ഒഴിവാക്കുക എന്നിവ കൂടി ശ്രദ്ധിച്ചാൽ അവയും മരുന്ന് പോലെതന്നെ പ്രയോജനകരമാണ്.

സ്ത്രീകൾ, 60 വയസ്സ് കഴിഞ്ഞവർ, കുടുംബത്തിൽ തൈറോയ്ഡ് രോഗമുള്ളവർ, ടൈപ്പ് 1 പ്രമേഹമുള്ളവർ, നെഞ്ചിലും കഴുത്തിലും റേഡിയേഷൻ ചികിത്സ ചെയ്യേണ്ടിവന്നവർ, തൈറോയ്ഡ് സർജറിക്ക് വിധേയരിയിട്ടുള്ളവർ, ഗർഭിണികൾ, പ്രസവിച്ച് ആറു മാസം തികയാത്തവർ എന്നിവർക്ക് തൈറോയ്ഡ് രോഗം ബാധിക്കാൻ സാദ്ധ്യത കൂടുതലാണ്.

യഥാസമയത്ത് ഹൈപോതൈറോയ്ഡിസം ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ ഗോയിറ്റർ അഥവാ തൊണ്ടമുഴ, ഹൃദ്രോഗം, വർദ്ധിച്ച ചീത്ത കൊളസ്ട്രോൾ, കൈകാലുകൾക്ക് പെരുപ്പും വേദനയും, തണുപ്പ് തീരെ സഹിക്കാൻ കഴിയാതെയാവുക,വന്ധ്യത, ജനന വൈകല്യമുള്ള കുട്ടികളെ പ്രസവിക്കുക എന്നിവയുണ്ടാകുന്നതിന് കാരണമാകും.

സോയാബീൻ, കാബേജ്, ബ്രോക്കോളി,കോളിഫ്ലവർ, മുള്ളങ്കി, മധുരക്കിഴങ്ങ്, കപ്പലണ്ടി, കോഫി, പാൽ, മദ്യം, പുകവലി, പഞ്ചസാര തുടങ്ങിയവ ഹോർമോണിന്റെ അളവ് വീണ്ടും കുറച്ചുകളയും.

നേർപ്പിച്ച നാരങ്ങാവെള്ളം, മലശോധനയുണ്ടാക്കുന്ന ഭക്ഷണം, ബ്ലൂബെറി, സ്ട്രോബെറി, ഗ്രേപ്സ്,കിവി, ഓറഞ്ച് ജ്യൂസ്, ഇഞ്ചി, ആപ്പിൾ, മഞ്ഞൾ, വെളുത്തുള്ളി എന്നിവ ഗുണം ചെയ്യും. ആവശ്യത്തിന് വ്യായാമം,​ശരിയായ ശീലങ്ങൾ, കൃത്യനിഷ്ഠഎന്നിവ നല്ലതാണ്.

എന്ത് കാരണംകൊണ്ട് തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ കുറവ് വന്നാലും, അത് പരിഹരിക്കാൻ മരുന്നുണ്ടെന്ന രീതിയിലാണ് ഇപ്പോൾ പലരും തൈറോയ്ഡ് ചികിത്സയെ കാണുന്നത്. എന്നാൽ കൃത്യമായി ഹോർമോൺ കുറവ് സംഭവിച്ചതിനുള്ള കാരണം കണ്ടെത്തി, അവയ്ക്കുള്ള പരിഹാരവും മെറ്റബോളിസം പരിഹരിക്കുന്നതിന് ആവശ്യമായ മരുന്നും ഭക്ഷണവും നല്ല ശീലങ്ങളും ഉൾപ്പെടുത്തിയാൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ. അത്തരം നിർദ്ദേശങ്ങളും ഫലപ്രദമായ ചികിത്സയും ആയുർവേദത്തിൽ ലഭ്യമാണ്. ഒരുപക്ഷേ,​ പെട്ടെന്നുള്ള ഇടപെടലുകൾക്ക് മറ്റു ചികിത്സകൾ സ്വീകരിക്കേണ്ടി വന്നാൽപോലും ക്രമേണ ആയുർവേദ ചികിത്സ കൂടി ഉൾപ്പെടുത്തി സുരക്ഷിതമായിരിക്കേണ്ടത് ഇത് മാത്രമല്ല,​ ദീർഘകാലം ചികിത്സിക്കേണ്ടി വരുന്ന എല്ലാ രോഗങ്ങളിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.