sudhakaran
f

 കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം

തിരുവനന്തപുരം: അര നൂറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് 28ന് ഉച്ചയ്ക്ക് ഒന്നിന് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞ നവംബർ 20 ന് കേന്ദ്ര സർക്കാരിൽ നിന്ന് കത്ത് വന്നിരുന്നു.രണ്ടു മാസം കാത്തിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ പ്രധാനമന്ത്രിക്ക് അസൗകര്യമായതിനാലാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയെത്തുന്നത്.

6.8 കിലോമീറ്റർ ദൈർഘ്യമാണ് ആലപ്പുഴ ബൈപ്പാസിന്. അതിൽ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റർ മേൽപ്പാലവുമാണ്. ബീച്ചിന്റെ മുകളിൽ കൂടി പോകുന്ന ആദ്യത്തെ മേൽപ്പാലമെന്ന ഖ്യാതിയും ആലപ്പുഴ ബൈപ്പാസിന് സ്വന്തമാകും. കളർകോട്, കൊമ്മാടി ജംഗ്ഷനുകൾ മോടി പിടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതിയിലെ 80 വഴിവിളക്കുകൾക്ക് പുറമെ പൊതുമരാമത്ത് നിർമ്മിച്ച മൂന്നുറോളം വിളക്കുകളും സ്ഥാപിച്ചു. കേന്ദ്ര സർക്കാരിന്റെ 172 കോടിയും സംസ്ഥാനത്തിന്റെ 172 കോടിയും ചേർന്ന് 344 കോടിയാണ് അടങ്കൽ തുക. ഇതിന് പുറമെ റെയിൽവേയ്ക്ക് പൊതുമരാമത്ത് വകുപ്പ് 7 കോടി കെട്ടിവച്ചു. അതടക്കം പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമെ 25 കോടി ചെലവഴിച്ചു.

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം പോലെ ഈ പാലം ഗതാഗതത്തിന് തുറക്കുന്നതോടെ കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വൻകിട പാലങ്ങളാണ് ഗതാഗത യോഗ്യമായതെന്നും 3 ജില്ലകളിലായി 150 കിലോമീറ്ററിനുള്ളിൽ 5 വൻകിട പാലങ്ങളാണ് പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചതെന്നും മന്ത്രി പറഞ്ഞു.