വർക്കല: സെമിഹൈസ്പീഡ് റെയിൽ കോറിഡോർ അഥവാ കെറെയിൽ പദ്ധതി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൊച്ചുവേളി - കാസർകോട് കെറെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 110 ദിവസങ്ങളായി നടന്നു വരുന്ന സമരപരിപാടികളുടെ തുടർച്ചയായി നടക്കുന്ന സമരപ്രചാരണ വാഹനജാഥ 22, 23 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും.ജാഥാ ക്യാപ്റ്റൻ എം.പി.ബാബുരാജ് (കോട്ടയം), വൈസ് ക്യാപ്റ്റൻ എസ്.രാജീവ് (തിരുവല്ല), ജാഥാമാനേജർ സി.കെ.ശിവദാസ് (എറണാകുളം) എന്നിവർ നേതൃത്വം നൽകും. ജില്ലയിലെ പര്യടനോദ്ഘാടനം സാഹിത്യകാരൻ കരവാരം രാമചന്ദ്രൻ നിർവഹിക്കും.നിർദ്ദിഷ്ഠ പാത കടന്നുപോകുന്ന വേളമാനൂർ, കാട്ടുപുതുശേരി, മരുതിക്കുന്ന്, നാവായിക്കുളം,തട്ടുപാലം, പുതുശേരിമുക്ക്,കല്ലമ്പലം,കടുവയിൽപളളി, ആലംകോട്,ആറ്റിങ്ങൽ, കൂന്തളളൂർ, വലിയകട, ചിറയിൻകീഴ്,മുടപുരം,അഴൂർ,പെരുങ്ങുഴി, മുരുക്കുംപുഴ,കണിയാപുരം,കഴക്കൂട്ടം,തുമ്പ,കൊച്ചുവേളി എന്നിവിടങ്ങളിൽ ജാഥ പര്യടനം നടത്തും.23ന് കണിയാപുരത്ത് പന്തം കൊളുത്തി പ്രകടനത്തോടെ ജാഥ സമാപിക്കും.സമാപന സമ്മേളനം എസ്.ബുർഹാൻ ഉദ്ഘാടനം ചെയ്യും.വേളി മുതൽ കാസർകോട് വരെ കൂറ്റൻ കരിങ്കൽകൂനയും ഇരട്ടഭിത്തിയും നിർമ്മിച്ച് കേരളത്തെ രണ്ടായി വേർതിരിക്കുന്ന പാതയുടെ നിർമ്മാണം മുപ്പതിനായിരത്തോളം കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലിനും കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് സമിതി ജനറൽ കൺവീനർ എസ്.രാജീവൻ പ്രസ്താവനയിൽ പറയുന്നു.