vld-1

വെള്ളറട: വർഷങ്ങൾക്ക് മുൻപ് പണിതുടങ്ങിയ കത്തിപ്പാറ - ശങ്കിലി - കുരിശുമല റിംഗ് റോഡ് പണിപൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളറടയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഉപരോധ സമരം ജില്ലാ പഞ്ചായത്ത് മെമ്പർ അൻസജിതാറസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ,​ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കെ.ജി. മംഗളദാസ്,​ ജയന്തി,​ വെള്ളരിക്കുന്ന് ഷാജി​ തുടങ്ങിയവർ സംസാരിച്ചു. ഉപരോധം കാരണം നെയ്യാറ്റിൻകര വെള്ളറട റൂട്ടിൽ ഒരു മണിക്കൂറോളം ഗാതാഗതം തടസപ്പെട്ടു. ഗതാഗതം തടസപ്പെടുത്തി റോഡ് ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന 100 ഓളം പേർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. രണ്ടു വർഷം മുൻപ് ആരംഭിച്ച റിംഗ് റോഡിന്റെ നിർമ്മാണം ആദ്യ ഘട്ടം മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചിട്ടുള്ളൂ. അടിയന്തരമായി റോഡുപണി പൂ‌ർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.