kla

തിരുവനന്തപുരം: പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം മൂന്നേമുക്കാൽ മണിക്കൂർ നീണ്ട ഭരണ - പ്രതിപക്ഷ വാദപ്രതിവാദങ്ങൾക്കൊടുവിൽ നിയമസഭ തള്ളി. പ്രമേയം വോട്ടിനിടാനൊരുങ്ങവേ, സ്പീക്കർ രാജി പ്രഖ്യാപിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഇന്നലെ രാവിലെ 10ന് ശൂന്യവേളയുടെ തുടക്കത്തിലാണ് പ്രമേയം ചർച്ചയ്ക്കെടുത്തത്. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഈ സമയം സഭ നിയന്ത്രിച്ചപ്പോൾ, സാധാരണ അംഗത്തെ പോലെ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലിരുന്നാണ് സ്പീക്കർ വിചാരണ നേരിട്ടത്.കേരള നിയമസഭയുടെ ചരിത്രത്തിൽ സ്പീക്കർമാർക്കെതിരെ ചർച്ച ചെയ്യുന്ന മൂന്നാമത്തെ അവിശ്വാസപ്രമേയമായിരുന്നു ഇന്നലത്തേത്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ മൊഴിയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളുയർത്തിയും സഭയിലെ വിവിധ പ്രവൃത്തികളിൽ ധൂർത്തും അഴിമതിയുമാരോപിച്ചും മുസ്ലിംലീഗിലെ എം.ഉമ്മറാണ് നോട്ടീസ് നൽകിയത്. പ്രമേയത്തെ ബി.ജെ.പി അംഗം ഒ. രാജഗോപാൽ പിന്തുണച്ചപ്പോൾ യു.ഡി.എഫ്- ബി.ജെ.പി ഒത്തുകളിയാരോപിച്ച് ഭരണപക്ഷം ബഹളം കൂട്ടി. ആരോപണങ്ങൾക്കെല്ലാം മറുപടി എണ്ണിപ്പറഞ്ഞ സ്പീക്കർ, നുണകളാൽ കെട്ടിപ്പൊക്കിയ പ്രമേയത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് അഭ്യർത്ഥിച്ചു.

പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് പ്രമേയം കൊണ്ടുവന്നതിലൂടെ വ്യക്തമാകുന്നതെന്നും ഇത് നിരാകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ, സഭയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തിയ സ്പീക്കർ നിഷ്പക്ഷ പദവിയിലേക്കുയർന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സ്പീക്കർ കസേരയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ ശ്രീരാമകൃഷ്ണനായില്ലെന്ന് പ്രമേയാവതാരകൻ ആരോപിച്ചു. അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്താലത് സഭയുടെ അന്തസ്സ് കൂട്ടുമോയെന്നും ഉമ്മർ ചോദിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്കുള്ള ബന്ധവും അതിലൊരു പ്രതിയുടെ വർക്ക്ഷോപ്പ് ഉദ്ഘാടനത്തിന് അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായതും സഭയ്ക്ക് അപകീർത്തിയുണ്ടാക്കി. ഡോളർ കടത്ത് കേസിൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നെന്ന വാർത്ത ഞെട്ടലോടെയാണ് കേരളസമൂഹം കേട്ടത്. നിയമസഭയിലെ വിവിധ പരിപാടികളുടെ പേരിലുള്ള ധൂർത്തും അഴിമതിയും ചർച്ചയായിട്ടുണ്ട്. മുമ്പൊരു സ്പീക്കർക്കുമെതിരെ ഇത്തരത്തിൽ ഗുരുതര ആരോപണങ്ങളുയർന്നിട്ടില്ല. നിയമസഭയുടെ അന്തസ്സും ഔന്നത്യവും കാക്കുന്നതിൽ പരാജയപ്പെട്ട ശ്രീരാമകൃഷ്ണനെ നീക്കണമെന്നും പ്രമേയത്തിലാവശ്യപ്പെട്ടു.

അഭ്യൂഹങ്ങളും ആരോപണങ്ങളും മാത്രമുള്ളതും തെളിവുകളില്ലാത്തതുമായ പ്രമേയം ചട്ടപ്രകാരം നിലനിൽക്കാത്തതായതിനാൽ അവതരണാനുമതി നൽകരുതെന്ന് എസ്. ശർമ്മ തടസവാദമുന്നയിച്ചു. പ്രമേയം തയ്യാറാക്കിയതിൽ തെറ്റ് പറ്റിയെന്നും രാഷ്ട്രീയ എടുത്തുചാട്ടമാണെന്നും ചൂണ്ടിക്കാട്ടി മന്ത്രി ജി. സുധാകരൻ ശർമ്മയെ പിന്തുണച്ചു. എന്നാൽ,​ കാര്യോപദേശകസമിതിയിൽ പോലുമുന്നയിക്കാത്തതാണിവിടെ പറയുന്നതെന്നും സ്പീക്കർ തന്നെ അനുമതി നൽകിയ പ്രമേയമാണിതെന്നും കെ.സി.ജോസഫ് സമർത്ഥിച്ചു. കൊഫെപോസ തടവുകാരനെ കാണാൻ ജയിലിൽ പോയതിന് സ്പീക്കറായിരുന്ന മൊയ്തീൻകുട്ടി ഹാജിക്കെതിരെ പ്രമേയം കൊണ്ടുവന്നിട്ടുള്ളത് പ്രതിപക്ഷനേതാവും ചൂണ്ടിക്കാട്ടി.

പ്രമേയം ചട്ടപ്രകാരമല്ലെന്ന ശർമ്മയുടെ വാദഗതി ശരിവച്ച ഡെപ്യൂട്ടി സ്പീക്കർ, സുതാര്യത കാത്തുസൂക്ഷിക്കാനായി പ്രമേയത്തിന് അവതരണാനുമതി നൽകാനാണ് സ്പീക്കർ തീരുമാനിച്ചതെന്ന് വ്യക്തമാക്കി.

ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിലുൾപ്പെടാതിരുന്ന മുഖ്യമന്ത്രി സംസാരിക്കാനെഴുന്നേറ്റപ്പോൾ പി.ടി.തോമസ് ക്രമപ്രശ്നമുന്നയിച്ചെങ്കിലും സഭാനേതാവായ മുഖ്യമന്ത്രിക്ക് ഏതവസരത്തിലും സംസാരിക്കാനവസരമുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.