ബാലരാമപുരം:വിദ്യാലയ അങ്കണത്തിൽ മികച്ച രീതിയിൽ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമേധാവിക്കുള്ള സംസ്ഥാനതല ഒന്നാം സ്ഥാനത്തിന് മുടവൂർപ്പാറ ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകൻ സുനിൽകുമാർ.എം.ആർ അർഹനായി.സ്കൂളിലെ 314 വിദ്യാർത്ഥികളേയും 15 ലേറെ അദ്ധ്യാപകരേയും കാർഷിക സംസ്കാരത്തിലേക്ക് കൊണ്ടുവരാൻ ഇദ്ദേഹത്തിന് സാധിച്ചു.അദ്ധ്യാപകരുടെ നിർദ്ദേശമനുസരിച്ചായിരുന്നു വിദ്യാർത്ഥികൾ കൃഷിയിറക്കിയത്. രാവിലെയും വൈകിട്ടും പച്ചക്കറികൾ വാടാതെ നട്ടുനനച്ചു.കളപറിക്കലിനും പരിപാലനത്തിനും സമയം നീക്കിവച്ചു. ഒന്നര ഏക്കറിൽ കത്തിരിയും വെണ്ടയും മുളകും പാവലും പടവലവും കോളിഫ്ലവറും കൃഷിയിറക്കി വിളയിച്ചെടുത്തു. അവധി ദിവസങ്ങളിലും കൃഷിപരിപാലനം തുടർന്ന് കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിച്ചു.പുതിയൊരു കാർഷിക സംസ്കാരത്തിന് തുടക്കമിടാൻ വിദ്യാലയമുറ്റങ്ങളാണ് പരിശീലനക്കളരികളാകുന്നതെന്നും അദ്ദേഹം പൊതുസമൂഹത്തെ ഓർമിപ്പിച്ചു.