തിരുവനന്തപുരം: വിവിധ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയമായ പ്രതി പിന്നീട് കോടതിയിൽ നൽകിയ മൊഴി വിശുദ്ധ വാചകമായി എടുക്കാൻ കഴിയുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ചോദിച്ചു. ആദ്യം കൊടുക്കുന്ന സാക്ഷിമൊഴിക്കാണ് ആധികാരികത. സ്പീക്കറെ പിടികൂടാനുള്ള ആലോചനയുടെ ഭാഗമായാണ് പ്രതിപക്ഷ പ്രമേയം.
സ്പീക്കറെ പുകമറയിൽ നിറുത്താനാണ് ശ്രമം. അന്വേഷണ ഏജൻസികളുടെ വഴിവിട്ട ശ്രമത്തിന് പ്രതിപക്ഷം കൂട്ടുനിൽക്കുകയാണ്. ഡിജിറ്റൽ അസംബ്ലിയെന്നത് മഹത്തായ സന്ദേശമാണ്. സമയബന്ധിതമായി പൂർത്തിയാക്കാമെന്ന് എൻ.ഐ.സി ഉറപ്പുനൽകാത്ത സാഹചര്യത്തിലാണ് പദ്ധതി ഊരാളുങ്കലിന് നൽകിയത്. 2500 വിദ്യാർത്ഥികൾ പങ്കെടുത്ത ഫെസ്റ്റിവൽ ഓൺ ഡെമോക്രസിയെ കുറച്ചു കണ്ടത് മോശമായിപ്പോയി.
സഭയിൽ പ്രതിപക്ഷനേതാവിന് സ്പീക്കർ കൂടുതൽ സമയം നൽകുന്നതായി തനിക്ക് തോന്നിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് പ്രമേയത്തിലൂടെ വ്യക്തമാവുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.