middile-man

തിരുവനന്തപുരം: ജില്ലയിലെ സി.എഫ്.എൽ.ടി.സികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സഹായിക്കാൻ ഇനി റോബോട്ട് എത്തും. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജിലെ അഭിജിത്ത്. എസ്.എസ് ,​ നിഖിൽ സുരേഷ് കുമാർ,​ റിയോ അശ്വിൻ,​ അർജുൻ. പി,​ ഗോകുൽ സി.എം എന്നീ വിദ്യാർത്ഥികൾ ചേർന്നാണ് ' മിഡിൽമാൻ ' എന്ന റോബോട്ട് നിർമ്മിച്ചത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സി.എഫ്.എൽ.ടി.സിയിലാണ് നിലവിൽ റോബോട്ടിന്റെ സേവനം ലഭിക്കുക. ഫൈബറും തടിയും കൊണ്ട് നിർമ്മിച്ചതിനാൽ റോബോട്ടിന് ഭാരം നന്നേ കുറവാണ്. നാല് മണിക്കൂർ ചാർജ് നിൽക്കുന്ന ബാറ്ററിയാണ് റോബോട്ടിലുള്ളത്. സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് റോബോട്ടിനെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനുവിനു കൈമാറി. കാര്യവട്ടം സി.എഫ്.എൽ.ടി.സിയിൽ നിരീക്ഷണത്തിലുള്ള 93 പേർക്കും സേവനം ലഭിക്കും. അദ്ധ്യാപകരായ അനീഷ് കെ ജോൺ, എലിസബത്ത് ചെറിയാൻ എന്നിവരാണ് റോബോട്ട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.

സേവനങ്ങൾ

--------------------------------------------

1. നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണമെത്തിക്കുക

2. ആരോഗ്യസ്ഥിതി മനസിലാക്കി ഡോക്ടറെ അറിയിക്കുക

3. സാനിറ്റൈസർ നൽകുക

4. ഡോക്ടറുമായി വീഡിയോ കോൺഫെറൻസിംഗിലൂടെ

സംവദിക്കാനും റോബോട്ട് അവസരമൊരുക്കും.

മിഡിൽ മാൻ എന്ന ആപ്പ് വഴിയാണ് വീഡിയോ കോൺഫറൻസ് നടത്തുക.

5. റിമോട്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ടിൽ ഭക്ഷണം,

വെള്ളം, മരുന്ന് എന്നിവ വയ്ക്കാൻ പ്രത്യേകം അറകൾ സജ്ജീകരിച്ചിട്ടുണ്ട്

6. പൾസ് ഓക്‌സിമീറ്റർ ഘടിപ്പിച്ചിട്ടുള്ളതിനാൽ രോഗികളുടെ ഓക്‌സിജൻ

ലെവൽ ഡോക്ടർക്ക് അറിയാൻ സാധിക്കും.