photo

പാലോട്: ചുള്ളിമാനൂരിനും പാലോടിനും മദ്ധ്യേ വാഹനാപകടങ്ങൾ തുടർക്കഥയായിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് കൂടുതൽ അപകടമുണ്ടാക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച നന്ദിയോട് ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ വച്ച് സ്കൂട്ടർ ഇടിച്ചു പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു.

നന്ദിയോട് ബാങ്കിന് സമീപം വച്ച് ബുധനാഴ്ച ഉണ്ടായ അപകടത്തിൽ യുവതികളായ സഹോദരിമാർ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് അമിത വേഗത്തിൽ വന്ന മാരുതി കാർ റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ച് സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിൽ വീണുവെങ്കിലും ആർക്കും ഗുരുതരമായ പരിക്കുണ്ടായില്ല. കുറുപുഴ ഇരുചക്രവാഹനം ഇന്നോവയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ ഓടിച്ച കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം കുപ്പിവെള്ളം കയറ്റിവന്ന ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ഒരാഴ്ചക്കകം പത്തോളം അപകടങ്ങൾ ഉണ്ടാവുകയും ഒരാൾ മരിക്കുകയും പലരും ചികിത്സയിലായിട്ടും നടപടിയെടുക്കാൻ അധികാരികൾ തയ്യാറാകാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.