തിരുവനന്തപുരം:ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ വിവാദമായതിനെ തുടർന്ന് മരവിപ്പിച്ച സാഹചര്യത്തിൽ, പുതിയ ലോഗോ സ്വീകരിക്കുന്നതിനായി 17 ലോഗോകളുടെ മാതൃകകൾ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി ലോഗോ പുനഃപരിശോധന കമ്മിറ്റി ചെയർമാൻ അടൂർ ഗോപാലകൃഷ്ണന് സമർപ്പിച്ചു. യൂത്ത് മൂവ്മെന്റിന്റെ 17 അംഗങ്ങൾ രൂപകല്പന ചെയ്തതാണ് ലോഗോ. ഇത് പരിഗണിക്കാമെന്ന് കമ്മിറ്റി ഉറപ്പ് നൽകി.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും യൂത്ത് മൂവ്‌മെന്റ് രക്ഷാധികാരി തുഷാർ വെള്ളാപ്പള്ളിയുടെയും നിർദ്ദേശ പ്രകാരമാണ് ലോഗോ തയ്യാറാക്കിയത്. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ്, സെക്രട്ടറി രാജേഷ് നെടുമങ്ങാട്, വൈസ് പ്രസിഡന്റ് ശ്രീജിത്ത് മേലാങ്കോട്, ജോയിന്റ് സെക്രട്ടറി അരുൺ അശോക്, കമ്മിറ്റി അംഗം സബിൻ വർക്കല എന്നിവരുടെ നേതൃത്വത്തിലാണ് ലോഗോ സമർപ്പിച്ചത്.