ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച്, കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്തിയ വേറിട്ട കർഷകപ്രേമികളെ പരിചയപ്പെടുത്താൻ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം 'ഒരിലത്തണലിൽ' എന്ന സിനിമയിലെ നായകന്. തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ കൊമ്പിടി ആദിവാസി സെറ്റിൽമെന്റിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരനാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്ന സിനിമയിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട്, അതിജീവനത്തിനായി പോരാടുന്ന "അച്യുതൻ " എന്ന കഥാപാത്രത്തെയാണ് ശ്രീധരൻ അവതരിപ്പിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങി മണ്ണിൽ പൊന്ന് വിളയിക്കുന്ന കൃഷിക്കാരനാണ് അച്യുതൻ. തന്റെ കൈകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്ന അച്യുതൻ പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ശ്രീധരന്റെ യഥാർത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണ് 'ഒരിലത്തണലിൽ'. സഹസ്രാരാ സിനിമാസിന്റെ ബാനറിൽ അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആർ.സന്ദീപാണ്. രചന: സജിത് രാജ്, ക്യാമറ: സുനിൽ പ്രേം എൽ.എസ്, എഡിറ്റിംഗ്: വിപിൻ മണ്ണൂർ. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.